'സിദ്ദിഖ് കെഎസ്‍യു കാണും മുന്നെ യോഗ്യതയുള്ളവർ ഇവിടെയുണ്ട്'; പൊട്ടിത്തെറിച്ച് വയനാട് ഡിസിസി മുൻ അധ്യക്ഷൻ

By Web TeamFirst Published Mar 13, 2021, 9:02 PM IST
Highlights

വയനാട്ടിൽ അർഹരായ സ്ഥാനാർത്ഥികൾ ഇല്ല എന്ന സിദ്ദിഖിൻ്റെ പരാമർശം വയനാട്ടിലെ കോൺഗ്രസിനെ അപമാനിക്കുന്ന തരത്തിൽ ഉള്ളതാണ്

കൽപ്പറ്റ: കൽപറ്റ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാ‍ർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ടി സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പി വി ബാലചന്ദ്രൻ രംഗത്ത്. സിദ്ദിഖിനെ വയനാട്ടുകാർക്ക് അംഗീകരിക്കാനാകില്ലെന്നും വയനാട്ടുകാരെ അപമാനിക്കുന്ന തരത്തിൽ സിദ്ദിഖ് ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വയനാട്ടിൽ അർഹരായ സ്ഥാനാർത്ഥികൾ ഇല്ല എന്ന പരാമർശം വയനാട്ടിലെ കോൺഗ്രസിനെ അപമാനിക്കുന്ന തരത്തിൽ ഉള്ളതാണ്. സിദ്ദിഖിനെ കൽപ്പറ്റയിൽ സ്ഥാനാർഥിയായി അംഗീകരിക്കാനാകില്ല.നിലമ്പൂരിൽ പറ്റാത്തതിനാൽ വയനാട്ടിലേക്ക് പോകുന്നു എന്നും വയനാട്ടിൽ ആരും അർഹതപ്പെട്ടവരെ ഇല്ല എന്നുമുള്ള സിദ്ദിഖിന്‍റെ പരാമർശം തെറ്റാണ്.വയനാട്ടിൽ അർഹതപ്പെട്ട നിരവധി നേതാക്കൾ ഉണ്ടെന്ന കാര്യം സിദ്ദിഖ് ഓർക്കണമായിരുന്നു. സിദ്ദിഖ് കെഎസ്‌യു കാണുന്നതിന് മുമ്പേ യോഗ്യരായ നിരവധി നേതാക്കൾ വയനാട്ടിൽ ഉണ്ട്. അവർ ഇപ്പോഴും അവിടെയുണ്ട്. വയനാട് ഡിസിസി യോടുള്ള അവഹേളനമാണ് സിദ്ദിഖ് നടത്തിയതെന്നും ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.

ജില്ലയിൽ കോൺഗ്രസിന് ഒറ്റ സീറ്റ് മാത്രമുള്ളതിനാൽ വയനാട്ടുകാർ മത്സരിക്കണമെന്ന ഡിസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനപ്പുറത്തുള്ള തീരുമാനങ്ങൾ അംഗീകരിക്കാനാകില്ല. വയനാടിന് പുറത്തുള്ളവരെ അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം ഡിസിസി പലതവണ കെപിസിസി അറിയിച്ചതാണെന്നും ബാലചന്ദ്രൻ വിശദീകരിച്ചു.

click me!