എംപിമാർ മത്സരിക്കില്ല; നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ മുരളീധരൻ

By Web TeamFirst Published Mar 2, 2021, 1:23 PM IST
Highlights

നിലവിൽ വടകര എംപിയായ മുരളീധരനെ കോൺഗ്രസ് നേമത്തേക്ക് പരിഗണിക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരുന്നു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തൽ മുരളീധരന് ഇളവ് അനുവദിക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ.

തിരുവനന്തപുരം: നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ മുരളീധരൻ. താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഏഴാം തീയ്യതി ദില്ലിയിലേക്ക് പോയാൽ നോമിനേഷൻ തീയ്യതിക്ക് ശേഷം മാത്രമേ മടങ്ങൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

നിലവിൽ വടകര എംപിയായ മുരളീധരനെ കോൺഗ്രസ് നേമത്തേക്ക് പരിഗണിക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരുന്നു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തൽ മുരളീധരന് ഇളവ് അനുവദിക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ കേരളത്തിലെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെയാണ് എൻഡിഎ പരിഗണിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 21 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 14 എണ്ണത്തിലും ബിജെപിയാണ് ജയിച്ചത്. ആറിടത്ത് രണ്ടാമതും. ബിജെപിയുടെ ഉരുക്ക് കോട്ടയെന്ന് നേതാക്കൾ വിശേഷിപ്പിക്കുന്ന മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കുവാനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നത്. 

എൽഡിഎഫിൽ വി ശിവൻകുട്ടിയുടെ പേരാണ് പ്രധാനമായും സിപിഎം ചർച്ചചെയ്യുന്നത്. വിജയൻ തോമസ്, ജി വി ഹരി തുടങ്ങിയ പേരുകൾ ചർച്ചയിൽ ഉണ്ടെങ്കിലും വൻ നേതാക്കൾ തന്നെ നേമത്തിറങ്ങണമെന്ന ചർച്ചകളും സജീവം. കോൺഗ്രസിൽ ഒരു വേള ഉമ്മൻചാണ്ടി വരെ നേമത്തെത്തുമെന്ന രീതിയിൽ ച‍ർച്ചകൾ ഉണ്ടായിരുന്നു. 

click me!