പാര്‍ട്ടി മാനദണ്ഡത്തില്‍ ഇളവ്? രാജേഷും സമ്പത്തും വീണ്ടും മല്‍സരിച്ചേക്കും

By Web TeamFirst Published Feb 5, 2019, 9:06 AM IST
Highlights

ജയസാധ്യത മാനദണ്ഡമാക്കിയാല്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ഇവരെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎം വീണ്ടും പരിഗണിച്ചേക്കാനാണ് സാധ്യത. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എം ബി രാജേഷും എ സമ്പത്തും വീണ്ടും മത്സരിച്ചേക്കും. രണ്ട് ടേം മാനദണ്ഡത്തിൽ സിപിഎം ഇളവ് നൽകാൻ സാധ്യത. പാർലമെന്റിലേയും മണ്ഡലത്തിലേയും പ്രകടനം തൃപ്തികരമെന്നാണ് വിലയിരുത്തല്‍. ജയസാധ്യത മാനദണ്ഡമാക്കിയാല്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ഇവരെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎം വീണ്ടും പരിഗണിച്ചേക്കാനാണ് സാധ്യത. 

പാലക്കാട് മണ്ഡലത്തിലെ എംബി രാജേഷിന്‍റെ പ്രകടനം പൊതുവെ തൃപ്തികരമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പി കെ ശശി വിഷയത്തില്‍ സിപിഎം ജില്ല നേതൃത്വം രാജേഷിനോട് മുഖം കറുപ്പിച്ചെങ്കിലും അസ്വാരസ്യം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയില്ലെന്നാണ്കണക്കുകൂട്ടല്‍. പകരക്കാനായി കണ്ടെത്തിയ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി കെ പ്രേംകുമാറിനെ മത്സരിപ്പിക്കാന്‍  നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. രണ്ട് ടേമെന്ന മാനദണ്ഡം മാറ്റി നിര്‍ത്തിയാല്‍ ആറ്റിങ്ങലില്‍ എ സമ്പത്തും സുരക്ഷിതനാണ്.പാര്‍ലമെന്‍റിലെ ഇരുവരുടെയും പ്രകടനവും വീണ്ടും പരിഗണിക്കുന്നതിന് അനുകൂല ഘടകമാകും.

അതേസമയം കാസര്‍ഗോഡ് മൂന്നാം അങ്കം കഴിഞ്ഞു നില്‍ക്കുന്ന പി കരുണാകരനും, ആലത്തൂരിനെ രണ്ട് തവണ പ്രതിനിധീകരിച്ച പി കെ ബിജുവിനും സീറ്റ് നല്‍കില്ലെന്നാണ് സൂചന. മണ്ഡലത്തില്‍ ഇരുവരുടേയും പ്രകടനം തൃപ്തികരമായിരുന്നില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. രണ്ട് വട്ടം പൂര്‍ത്തിയായവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തീരുമാനമെടുത്തിരുന്നെങ്കിലും പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പലര്‍ക്കും ഇളവ് നല്‍കിയിരുന്നു. ഈ നിലപാട് ലോക്സഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചേക്കാനാണ് സാധ്യത. 

click me!