തമിഴ്‍നാട്ടിൽ അണ്ണാ ഡിഎംകെ - ബിജെപി സഖ്യപ്രഖ്യാപനം വൈകുന്നോ? വീണ്ടും പിയൂഷ് ഗോയലുമായി ചർച്ച

By Web TeamFirst Published Feb 15, 2019, 7:45 PM IST
Highlights

അണ്ണാ ഡിഎംകെ - ബിജെപി സഖ്യപ്രഖ്യാപനം വേഗത്തിലാക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നാളെ വീണ്ടും ചെന്നൈയിലെത്തും. സഖ്യത്തിലുള്ള മറ്റ് പാർട്ടികളുടെ സീറ്റ് തർക്കം തുടരുകയാണിപ്പോഴും. 

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി - അണ്ണാഡിഎംകെ സഖ്യപ്രഖ്യാപനം വേഗത്തിലാക്കാന്‍ തമിഴ്‍നാട്ടിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി ദില്ലിയിലേക്ക് മടങ്ങിയ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ നാളെ വീണ്ടും ചെന്നൈയിലെത്തും. സഖ്യത്തിലുള്ള മറ്റു പാര്‍ട്ടികളുടെ സീറ്റ് തര്‍ക്കം പരിഹരിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും.

പുതുച്ചേരി ഉള്‍പ്പടെ തമിഴ്നാട്ടിലെ നാല്‍പത് മണ്ഡലങ്ങളിലും അണ്ണാഡിഎംകെയ്ക്ക് ഒപ്പം ബിജെപി ജനവിധി തേടുമെന്ന് ഉറപ്പായി. എന്‍. രംഗസ്വാമിയുടെ സിറ്റിങ്ങ് സീറ്റായ പുതുച്ചേരിയില്‍ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസും സഖ്യത്തിന്‍റെ ഭാഗമാകും. ഡിഎംകെയുമായി ചര്‍ച്ച നടത്തിയിരുന്ന എസ് രാമദോസിന്‍റെ പാട്ടാളി മക്കൾ കക്ഷിക്ക് ധര്‍മ്മപുരി ഉള്‍പ്പടെ അഞ്ച് സീറ്റുകള്‍ നല്‍കും.

ചികിത്സയ്ക്ക് ശേഷം നാളെ അമേരിക്കയില്‍ നിന്ന് മടങ്ങി എത്തുന്ന വിജയകാന്തുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഡിഎംഡിഎംകെയുടെ സീറ്റില്‍ അന്തിമതീരുമാനമെടുക്കൂ. നാല് സീറ്റാണ് ഡിഎംഡികെ ആവശ്യപ്പെടുന്നത്. എട്ട് സീറ്റില്‍ ബിജെപിയും 24 മണ്ഡലങ്ങളില്‍ അണ്ണാഡിഎംകെയും മത്സരിക്കും.

ഇന്ത്യന്‍ ജനനായക കക്ഷി ഉള്‍പ്പടെയുള്ള ചെറുകക്ഷികളും സഖ്യത്തിന്‍റെ ഭാഗമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന സഖ്യപ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും. രാജ്യസഭാ എംപി മൈത്രേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, ഒ പനീര്‍സെല്‍വത്തിന്‍റെ മകന്‍ രവീന്ദ്രനാഥ് എന്നിവര്‍ അണ്ണാ ഡിഎംകെ ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു.

എ ബി വാജ്പേയിക്കൊപ്പം മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ഡിഎംകെയെ നേരിടാന്‍ ഇന്ന് അണ്ണാഡിഎംകെയുമായി കൈകോര്‍ക്കുകയാണ് നരേന്ദ്രമോദി. ശക്തി കേന്ദ്രമായ കന്യാകുമാരിയിലെ പ്രചാരണത്തിന് മുമ്പേ സഖ്യപ്രഖ്യാപനം നടത്തണമെന്നാണ് ബിജെപി കേന്ദ്ര നിലപാട്.

click me!