
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക വിവാദത്തിൽ ബിജെപിയിൽ ഭിന്നത രൂക്ഷം. സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയമാണെന്ന് ആരോപിച്ച് വി മുരളീധര വിഭാഗം കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. വിവാദം രൂക്ഷമായതോടെ പട്ടിക കൈമാറിയിട്ടില്ലെന്ന് നിലപാട് മാറ്റി ശ്രീധരൻ പിള്ള രംഗത്ത് വന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തിന് കൈമാറിയതിന് പിന്നാലെ സംസ്ഥാന ബിജെപിയിൽ ഭിന്നത ഉടലെടുത്തിരുന്നു. വി മുരളീധര വിഭാഗത്തിനായിരുന്നു എതിർപ്പ് കൂടുതൽ.ഇതിന് പിറകെയാണ് പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധരറാവു വിന്ടെ നേതൃത്വത്തിൽ കൊച്ചിയിൽ കോർ കമ്മിറ്റി യോഗം ചേർന്നത്.
എന്നാൽ യോഗത്തിൽനിന്ന് മുരളീധരപക്ഷം പൂർണമായും വിട്ടു നിൽക്കുകയായിരുന്നു. വി മുരളീധരൻ കെ സുരേന്ദ്രൻ സി കെ പത്മനാഭൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. പട്ടിക തയാറാക്കിയതിൽ വേണ്ടത്ര കൂടിയാലോചന ഇല്ല എന്നും ബിജെപിയുടെ സാധ്യത ഇല്ലാതാക്കുന്നത് പട്ടിക എന്നുമാണ് മുരളീധര വിഭാഗത്തിന് വിമർശനം. പട്ടിക വിവാദം പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴി വച്ചതോടെ പി എസ് ശ്രീധരൻ പിള്ള മലക്കം മറിഞ്ഞു. താൻ കൈമാറിയത് പട്ടിക അല്ലെന്നാണ് പി എസ് ശ്രീധരൻ പിള്ളയുടെ വിശദീകരണം.
പ്രശ്നങ്ങൾ സങ്കീർണമാകാതെ പരിഹരിക്കണമെന്നാണ് യോഗത്തിൽ പങ്കെടുത്ത അഖിലേന്ത്യാ ജനറൽസെക്രട്ടറി മുരളീധര റാവു സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദ്ദേശം.എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ കാരണമാണ് യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നതെന്നാണ് കെ സുരേന്ദ്രൻ അടക്കമുള്ളവർ വിശദീകരിക്കുന്നത്
Read more