പഞ്ചാബ് പിടിച്ചു, കെജ്രിവാളിന്റെ കണ്ണ് ഇനി ഗുജറാത്തിലേക്ക്; വിജയ യാത്ര ഗുജറാത്തിന്റെ മണ്ണിൽ

Published : Mar 11, 2022, 07:16 AM IST
പഞ്ചാബ് പിടിച്ചു, കെജ്രിവാളിന്റെ കണ്ണ് ഇനി ഗുജറാത്തിലേക്ക്; വിജയ യാത്ര ഗുജറാത്തിന്റെ മണ്ണിൽ

Synopsis

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കിയതോടെ ആം ആദ്മി പാർട്ടി ദേശീയ പാർട്ടികളിൽ ഒന്നായി ഉയരുകയാണ്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്താണ് എഎപി ലക്ഷ്യമിടുന്നത്.

ദില്ലി: ആംആദ്മി പാർട്ടി (AAP)മിന്നും വിജയം നേടിയ പഞ്ചാബിൽ (Punjab)സർക്കാർ രൂപീകരണ തീയ്യതി ഇന്ന് പ്രഖ്യാപിക്കും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും  ഭഗവന്ത് മാനും ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കിയതോടെ ആം ആദ്മി പാർട്ടി ദേശീയ പാർട്ടികളിൽ ഒന്നായി ഉയരുകയാണ്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്താണ് എഎപി ലക്ഷ്യമിടുന്നത്. അടുത്ത മാസം ഗുജറാത്തിൽ കെജരിവാളും ഭഗവന്ത് മാനും ചേർന്ന് വിജയ യാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എഎപിയുടെ നിർണായക നീക്കം. 

ഭാരതീയ ജനതാ പാർട്ടിയുടെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത്. നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ പ്രാഥമിക പ്രതിപക്ഷ കക്ഷിയായി ഉയർന്ന് വരാനാണ് എഎപി ശ്രമിക്കുന്നത്. അവിടെയും കോൺഗ്രസിന് ബദലെന്ന നീക്കത്തിനാണ് കെജരിവാൾ ശ്രമിക്കുന്നത്. 

ബിജെപിക്കും കോണ്‍ഗ്രസിനും ശേഷം ആ നേട്ടം 'ആപ്പിന്'

ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലെ ഒന്നിലധികം സംസ്ഥാനങ്ങളിൽ അധികാരമുള്ള ഒരെയൊരു പാർട്ടിയായി പഞ്ചാബ് വിജയത്തോടെ ആപ്പ് മാറി.  ദില്ലി അതിർത്തി കടന്നുള്ള വളർച്ച ആംആദ്മിപാർട്ടി കുറിക്കുമ്പോൾ മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രണ്ട് സംസ്ഥാനങ്ങളിലെ പാർട്ടിയും ഭരണവും നിയന്ത്രിക്കാൻ കെജരിവാൾ ശക്തനായ ഹൈക്കമാൻഡ് ആകുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ദില്ലിയിൽ വിശ്വസ്തനായ മനീഷ് സിസോദിയക്ക് കണ്ണുംപൂട്ടി കേജ്രിവാളിന് ഭരണമേൽപിക്കാം. 

എന്നാൽ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് പാർട്ടി ഏകോപനത്തിലേക്ക് കേജ്രിവാൾ കടന്നാൽ ദില്ലിക്കാരുടെ എതിർപ്പ് എഎപിയെ വെട്ടിലാക്കും. ദില്ലി മുഖ്യമന്ത്രിയായി തുടരുകയും ഭാഗവന്ത് മന്നിനെ മുന്നിൽ നിർത്തി സൂപ്പർ മുഖ്യമന്ത്രിയാകാൻ കേജ്രിവാൾ ശ്രമിച്ചാൽ പഞ്ചാബിലും പ്രശ്നങ്ങൾ തുടങ്ങും. അഭിപ്രായങ്ങൾ വെട്ടി തുറന്ന് പറയുന്ന നിലപാടുകളിൽ സന്ധിയില്ലാത്ത നേതാവാണ് ഭാഗവന്ത് മൻ. കെജരിവാളിനോടും എതിർപ്പ് പ്രകടിപ്പിച്ച് എഎപി സംസ്ഥാന കണ്‍വീനാർ സ്ഥാനം വലിച്ചെറിഞ്ഞ ചരിത്രവും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിക്കുണ്ട്. വിട്ടുവീഴ്ചകളോടെ ഒപ്പം നിർത്തുക തന്നെയാണ് പ്രധാന വെല്ലുവിളി. 

അന്തർ സംസ്ഥാന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം സത്ലജ് നദിയെ യമുനയുമായി ബന്ധിപ്പിക്കുന്നതിലെ തർക്കമാണ്. പഞ്ചാബ് ഒരു ഭാഗത്തും ഹരിയാന ദില്ലി സംസ്ഥാനങ്ങൾ മറുഭാഗത്തുമാണ്. കർഷകരെ തൊട്ടാൽ പൊള്ളുന്ന പഞ്ചാബിൽ ഏത് സംസ്ഥാനത്തിന്‍റെ താത്പര്യം എഎപി ഉയർത്തിപിടിക്കും എന്നതും പ്രധാന ചോദ്യമാണ്. പരിമിതമായ അധികാരങ്ങളുള്ള സർക്കാരാണ് ദില്ലി സർക്കാർ. 

punjab election result 2022 : ഹാസ്യതാരത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക്, പഞ്ചാബിനെ നയിക്കാൻ ഭഗവന്ത് മൻ

അതെസമയം സംസ്ഥാനത്തിന്‍റെ പൂർണ്ണ അധികാരങ്ങളുള്ള പഞ്ചാബിൽ ഭരണത്തിൽ എത്തുമ്പോൾ എഎപിയുടെ കാഴ്ചപാടുകൾ എന്താകും എന്നതും ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിൽ ദില്ലി മോഡലിനോളം ഇനി എഎപിക്ക് പ്രധാനം പഞ്ചാബ് മോഡലാണ്. കർഷക ക്ഷേമത്തിലും ആഭ്യന്തര നയത്തിലും എഎപിയുടെ ചുവടുകളും മറ്റ് സംസ്ഥാനങ്ങളും ഉറ്റുനോക്കുന്നു. 


 

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു