ലോക്സഭ തെരഞ്ഞെടുപ്പ്: ബിജെപിയിലെ ഭിന്നതയ്ക്കിടെ അമിത് ഷാ നാളെ കേരളത്തിലെത്തും

By Web TeamFirst Published Feb 21, 2019, 7:24 AM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷാ നാളെ കേരളത്തിലെത്തും. പാലക്കാട്ടെത്തുന്ന അമിത് ഷാ 20 ലോക്സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തും. 

പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിലെത്തും. പാലക്കാട്ടെത്തുന്ന അമിത് ഷാ 20 ലോക്സഭ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന ഘടകത്തിലെ ഭിന്നതയിൽ കേരള നേതാക്കൾക്ക് ഷാ ശക്തമായ മുന്നറിയിപ്പ് നൽകാനും സാധ്യതയുണ്ട്.

നരേന്ദ്രമോദിക്കും യോഗി ആദിത്യനാഥിനും പിന്നാലെയാണ് അമിത്ഷാ സംസ്ഥാനത്തെത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ഏറെ പ്രാധാന്യം നൽകുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാടും മലമ്പുഴയിലും മുന്നേറ്റം നടത്തിയതിന്‍റെ ആത്മവിശ്വാസവുമുണ്ട്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ നേതാക്കളുടെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷന്‍റെ വരവ്. 

ഏകപക്ഷീയമായി സാധ്യതാ പട്ടിക കേന്ദ്രത്തിന് അയച്ച സംസ്ഥാന അധ്യക്ഷനെതിരെ മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും ഇതിനകം പരാതിപ്പെട്ടുകഴിഞ്ഞു. പട്ടിക അയച്ചില്ലെന്ന് ശ്രീധരൻപിള്ള തിരുത്തിപ്പറഞ്ഞെങ്കിലും പ്രശ്നം തീർന്നിട്ടില്ല. നിർണ്ണായക തെരഞ്ഞെടുപ്പ് അടുത്തിട്ടും തുടരുന്ന തമ്മിലടയിലെ അതൃപ്തി ഷാ അറിയിക്കാനിടയുണ്ട്.

രാവിലെ ഭാരവാഹിയോഗം ചേരും. പിന്നീട് അമിത്ഷായുടെ നേതൃത്വത്തിൽ 20 മണ്ഡലങ്ങളിലെയും ഇൻ ചാർജ്ജുമാരുടേയും കോ ഇൻ ചാർജ്ജുമാരേടുയും യോഗം ചേരും. അതിന് ശേഷം പാലക്കാട് മണ്ഡലത്തിലെ ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കും.

click me!