തുഷാര്‍ വെള്ളാപ്പള്ളി കളത്തിലിറങ്ങുമോ? മത്സരിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി ബിജെപി

By Web TeamFirst Published Feb 7, 2019, 10:06 AM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി. ശക്തമായ മണ്ഡ‍ലം നൽകാമെന്ന് ഉറപ്പ്. ബിഡിജെഎസ് നിലപാടിന് ബി ജെ പി കോർ കമ്മിറ്റിയോഗത്തിൽ വിമർശനം.

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെ മെരുക്കാന്‍ തുഷാറിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാടിലാണ് ബി ജെ പി. മത്സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറച്ച് നില്‍ക്കുമ്പോഴും ഉഭയകക്ഷി ചര്‍ച്ചയിലൂടെ തുഷാർ രംഗത്ത് വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും വനിതാമതിലിലും വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ച നിലപാടില്‍ സംസ്ഥാനത്തെ എന്‍ ഡി എ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശന്‍റെ നിലപാടിനൊപ്പമാണ് ബി ഡി ജെ എസിന്‍റെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ്സിന്‍റെ പൂര്‍ണ്ണപിന്തുണയുറപ്പിക്കുകയാണ് ബി ജെ പി ലക്ഷ്യം. 

തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ഒരു പരിധിവരെ വെള്ളാപ്പള്ളി നടേശന്‍റെ ബി ജെ പിക്കെതിരെയായ പരസ്യ വിമര്‍ശനം കുറയുമെന്നും ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നു. ഇതാണ് തുഷാര്‍ മല്‍സരിക്കണമെന്ന് ബി ജെ പി വാശി പിടിക്കാന്‍ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനടക്കം മത്സര രംഗത്തുണ്ടായിട്ടും സുഭാഷ് വാസുവിനെ മാത്രം മല്‍സരിച്ച് തുഷാര്‍ മാറി നില്‍ക്കുകയായിരുന്നു. ഇത്തവണയും മല്‍സരിക്കുന്നതിനോട് തുഷാറിന് തീരെ യോജിപ്പില്ല.

ശബരിമല സമരം തൊട്ട് ബി ഡി ജെ എസും തുഷാറും ബി ജെ പിയോടൊപ്പം പൂര്‍ണ്ണമായില്ല എന്ന ചിന്തയും ബി ജെ പി അണികളിലുണ്ട്. തെരഞ്ഞെടുപ്പില്‍ ഇത് മാറ്റിയെടുക്കുക കൂടിയാണ് ബി ജെ പി ലക്ഷ്യം. തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ കൂടുതല്‍ വോട്ടുകിട്ടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലേതെങ്കിലും നല്‍കാനാണ് ബി ജെ പി തീരുമാനം. ബി ജെ പിയുടെ സംസ്ഥാന നേതാക്കളടക്കം മത്സരിക്കാന്‍ തയ്യാറാകുമ്പോള്‍ തുഷാറിന് മാത്രമായി മാറി നില്‍ക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്.

click me!