തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കും: കമൽഹാസൻ

By Web TeamFirst Published Feb 7, 2019, 8:56 AM IST
Highlights

അവസരവാദ മുതലെടുപ്പിനായി  കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയാല്‍ അത് പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ മങ്ങലേല്‍പ്പിക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. 
 

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന്  കമല്‍ഹാസന്‍. പുതുച്ചേരി ഉള്‍പ്പടെ 40 മണ്ഡലങ്ങളിലും ജനവിധി തേടും. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ഹാസന്‍  വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 21 ന് നടത്തിയ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ബിജെപിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഡിഎംകെയുമായുള്ള കോണ്‍ഗ്രസ് കൂട്ടകെട്ട് മക്കള്‍ നീതി മയ്യത്തെ കോൺഗ്രസിൽ നിന്നും അകറ്റി.
 
അഴിമതിയും ജനകീയ പ്രശ്നങ്ങളും ഉയര്‍ത്തിയുള്ള ഗ്രാമസഭകളിലാണ് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകർ ഇപ്പോള്‍ ‍. അവസരവാദ മുതലെടുപ്പിനായി കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയാല്‍ അത് പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ മങ്ങലേല്‍പ്പിക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. 

പുതുച്ചേരിയിലെ ഒരു മണ്ഡലം ഉൾപ്പടെ 40 സീറ്റുകളിലും നാല്‍പത് വയസ്സില്‍ താഴെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലാണെന്നും കമൽഹാസൻ പറഞ്ഞു. 

യുവാക്കള്‍ക്ക് അവസരം നല്‍കുമ്പോഴും 63 വയസ്സ് പിന്നിടുന്ന കമല്‍ഹാസന്‍ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തത നല്‍കുന്നില്ല. തന്‍റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്‍റെ നിലപാട്.  

click me!