തെലങ്കാന സാക്ഷിയായത് ചരിത്രനിമിഷത്തിന്, വിശാല ആന്ധ്രയിലെ പഴയ ശത്രുക്കൾ തെരഞ്ഞെടുപ്പ് വേദിയിൽ ഒന്നിച്ചു

By Sravan KrishnaFirst Published Nov 28, 2018, 8:17 PM IST
Highlights

രാഹുൽ ഗാന്ധിയും ചന്ദ്രബാബു നായിഡുവും ഒരേ വേദിയിൽ എത്തിയപ്പോൾ മൂന്നര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ വൈരമാണ് ഇല്ലാതായത്. ഇരുവരും വേദി പങ്കിട്ടത് തെലങ്കാന രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്രീയത്തിൽ തന്നെ വഴിത്തിരിവാണ്. 

ഖമ്മം: വിശാല ആന്ധ്രയിൽ ശത്രുക്കളായിരുന്നവർ തെലങ്കാനയിൽ ഒന്നിച്ചു. രാഹുൽ ഗാന്ധിയും ചന്ദ്രബാബു നായിഡുവും ഒരേ വേദിയിൽ എത്തിയപ്പോൾ മൂന്നര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ വൈരമാണ് ഇല്ലാതായത്. ഇരുവരും വേദി പങ്കിട്ടത് തെലങ്കാന രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്രീയത്തിൽ തന്നെ വഴിത്തിരിവാണ്. 1982ൽ തെലുഗു ദേശം പാർട്ടി രൂപീകരിച്ചതിൽ പിന്നെ ഇന്നോളം പറഞ്ഞത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ആയിരുന്നു. എൻഡിഎയിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന് ശേഷം ചന്ദ്രബാബു നായിഡുവും വിശാല പ്രതിപക്ഷ ഐക്യനീക്കങ്ങൾക്കായി കോൺഗ്രസിനൊപ്പം ഒന്നിച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇരുവരും ഒരു വേദിയിലെത്തുന്നത് ഇതാദ്യമായാണ്. ചന്ദ്രശേഖര റാവുവിനും നരേന്ദ്രമോദിക്കുമെതിരെ ഇരുവരും ഒരേ സ്വരത്തിൽ ആഞ്ഞടിച്ചു.ചരിത്രനിമിഷമെന്നാണ് രാഹുലും നായിഡുവും റാലിയെ വിശേഷിപ്പിച്ചത്. 

തെലങ്കാനയിലെ മഹാസഖ്യം പൊതുതെരഞ്ഞെടുപ്പിലും ബിജെപിയെ തോൽപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെ ബി ടീമാണ് ടിആർഎസെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുൾപ്പെടെ മഹാസഖ്യത്തിന്‍റെ നേതാക്കളും വിപ്ലവ കവി ഗദ്ദറും വേദിയിൽ എത്തി. കഴിഞ്ഞ ദിവസം തെലങ്കാനയിലെ നിസാമാബാദിൽ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ടിആർഎസിനേയും കോൺഗ്രസിനേയും കടന്നാക്രമിച്ചിരുന്നു. ഇരു പാർട്ടികളും സൗഹൃദ മത്സരം കളിക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഇതിന് മറുപടിയായി രാഹുൽ ഗാന്ധി ടിആർഎസ് എന്നാൽ തെലങ്കാന രാഷ്ട്ര സമിതി അല്ല, തെലങ്കാന രാഷ്ട്ര സംഘപരിവാർ ആണെന്ന് തിരിച്ചടിച്ചു.

തെലങ്കാന രൂപീകരണത്തിന് എതിരെ നിരാഹാരം  കിടന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം തെലങ്കാന വികസനം പറഞ്ഞുതന്നെ എന്നതും വേദിയിലെ കൗതുകമായി. തെലങ്കാനയുടെ വികസനത്തിന് താൻ പ്രതിജ്ഞാബദ്ധൻ ആയിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വേദിയിൽ നിന്ന് പ്രവർത്തകർക്കായി ചന്ദ്രബാബു നായിഡു വിളിച്ചുകൊടുത്ത മുദ്രാവാക്യം ഇങ്ങനെ. "ജയ് തെലങ്കാന എന്ന് ആവർത്തിച്ചു പറയൂ.. ജയ് തെലങ്കാന.." 

"

തെലങ്കാനയുടെ ശത്രുവെന്നായിരുന്നു ചന്ദ്രശേഖര റാവു മുമ്പ് ചന്ദ്രബാബുവിനെ വിശേഷിപ്പിച്ചിരുന്നത്. ബിജെപിക്ക് എതിരായ വിശാല സഖ്യത്തിന് തുടർച്ചയുണ്ടാകുമെന്ന് ചന്ദ്രബാബു നായിഡു പറ‌‌ഞ്ഞു. തെലങ്കാന രൂപീകരണത്തിന് ജീവത്യാഗം ചെയ്തവർക്ക് സർക്കാർ പദ്ധതികളിൽ പങ്കാളിത്തം ഉറപ്പുനൽകിയാണ് മഹാസഖ്യത്തിന്‍റെ പൊതുമിനിമം പരിപാടി. റാവു സർക്കാരിന്‍റെ വിവാദതീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്നും പ്രകടനപത്രിക പറയുന്നു. ടിഡിപിക്ക് സ്വാധീനമുളള ആന്ധ്ര, തെലങ്കാന അതിർത്തി ജില്ലകളിൽ കൂടുതൽ റാലികളിൽ നായിഡു പങ്കെടുക്കുന്നുണ്ട്. ഏതായാലും ദേശീയ നേതാക്കൾ കളം നിറയുന്നതോടെ തെലങ്കാന രാഷ്ട്രീയം മഹാസഖ്യത്തിന്‍റെ രാഷ്ട്രീയ പരീക്ഷണശാല ആവുകയാണ്. 

click me!