
കൊച്ചി: ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളം നിറഞ്ഞതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് (Thrikkakara By Election) ചൂടേറുന്നു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർഥികൾ രാവിലെ മുതൽ പരമാവധി വോട്ടർമാരെ കാണാൻ ഇറങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥന ഉണ്ടാകും.
രണ്ട് മുന്നണികളുടെയും സ്ഥാനാർഥികൾ പ്രചാരണത്തിൽ മുന്നേറുമ്പോഴും ബി ജെ പി ഇനിയും സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. ഉടൻ ഉണ്ടാകും എന്ന് മാത്രമാണ് നേതൃത്വം പറയുന്നത്. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച ബിജെപിയിൽ തുടരുകയാണ്. തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും തീരുമാനം. ഇടതു സ്ഥാനാർത്ഥിയുടെ സഭാ ബന്ധത്തിലൂന്നിയ ചർച്ചയാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും സജീവമായിട്ടുള്ളത്.
സഭയ്ക്ക് എതിരായ പ്രചരണം നെഗറ്റീവാകുമെന്ന് ഡൊമിനിക് പ്രസന്‍റേഷൻ, സഹതാപ തരംഗത്തിന്‍റെ കാലം കഴിഞ്ഞെന്ന് വിജയരാഘവൻ
https://www.asianetnews.com/kerala-news/thrikkakara-by-election-response-of-dominic-presentation-and-a-vijayaraghavan-rbi0r2
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥിയുടെ സഭാ ബന്ധം ചർച്ചയാക്കുന്നത് തിരിച്ചടിയാവുമെന്ന് കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്‍റേഷൻ ഇന്നലെ പറഞ്ഞിരുന്നു. ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സഭയെ വലിച്ചഴിക്കേണ്ട കാര്യമില്ല. അത്തരം പ്രചരണം നെഗറ്റീവാകാനാണ് സാധ്യതയെന്നും തൃക്കാക്കരയിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടതെന്നും ഡൊമിനിക് പറഞ്ഞു. ജോ ജോസഫ് തങ്ങളുടെ സഭയുടെ സ്ഥാനാർത്ഥിയല്ലെന്ന സിപിഎം വിശദീകരണം വിശ്വസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയിലേത് സിപിഎമ്മിന്‍റെ സ്വന്തം സ്ഥാനാർത്ഥിയാണെന്നാണ് പി ബി അംഗം എ വിജയരാഘവൻ വ്യക്തമാക്കിയത്. സ്ഥാനാർത്ഥി സി പി എം അംഗമാണ്. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് സഭയെ ബന്ധപ്പെടുത്തിയുള്ള ആക്ഷേപം യു ഡിഎഫ് ഉന്നയിക്കുന്നത്. സഹതാപം എക്കാലത്തും വോട്ടാക്കിയത് കോൺഗ്രസാണെന്നും എന്നാൽ സഹതാപ തരംഗത്തിൻ്റെ കാലം കഴിഞ്ഞെന്നും വിജയരാഘവൻ പറഞ്ഞു.
ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി എന്ന് പറഞ്ഞിട്ടില്ല: മറുപടിയുമായി വി ഡി സതീശൻ
https://www.asianetnews.com/kerala-news/udf-has-not-said-that-jo-joseph-is-the-candidate-of-sabha-says-satheesan-rbicvs
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെയിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സി പി എം ആണെന്നും സതീശൻ കുറ്റപ്പെടുത്തി. സഭയുടെ സ്ഥാപനത്തിൽ വച്ച് വാർത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി.രാജീവ് അല്ലെയെന്നും വി.ഡി.സതീശൻ ചോദിച്ചു. ആശുപത്രിയിൽ പോയി നാടകം കാണിച്ചത് എന്തിനെന്ന് പറയേണ്ടത് പി.രാജീവ് ആണ്. സി പി എം തീരുമാനത്തിന് സഭയുടെ പിന്തുണ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായതിന് പി.രാജീവ് കോൺഗ്രസ്സുകാരുടെ മെക്കിട്ട് കേറണ്ടെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു. പി.സി.ജോർജിനെ കെട്ടിപ്പിടിച്ച ആളെ ആണോ സിപിഎം സ്ഥാനാർഥി ആക്കുന്നതെന്നും സതീശൻ ചോദിച്ചു. പി സി ജോർജിന് ജാമ്യം കിട്ടാൻ സി പി എം വഴി ഒരുക്കുകയായിരുന്നു. അതിനായി എഫ്ഐആറിൽ വെള്ളം ചേർത്തു. പി സി ജോർജിന്റെ പിന്തുണയോടെ ഇപ്പോഴും സിപിഎം പഞ്ചായത്ത് ഭരിക്കുന്നു. അത് ആദ്യം രാജി വക്കട്ടെ എന്നും സതീശൻ കൂട്ടിച്ചേർത്തു.