
ബര്‍നാല: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ (2022 Assembly Elections Punjab) ഏറ്റവും ശ്രദ്ധേയമായ അട്ടിമറികളിലൊന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ചരൺ ജിത് സിംഗ് ഛന്നിയെ (Charanjith Singh Chhanni) തോല്‍പിച്ച എഎപിയുടെ (AAP) ലാഭ് സിങ് ഉകുകേ (Labh Singh Ugoke). ഛന്നിയെ ബദൗര്‍ മണ്ഡലത്തില്‍ 37,550 വോട്ടുകള്‍ക്കാണ് ഉകുകേ പരാജയപ്പെടുത്തിയത്. ജയത്തോടെ ആംആദ്‌മി പാര്‍ട്ടിയുടെ നേതൃനിരയിലെ പോരാളിയായി ഉകുകേ മാറുമ്പോഴും മാതാവ് ബല്‍ദേവ് കൗര്‍ ഇപ്പോഴും സര്‍ക്കാര്‍ വിദ്യാലയത്തില്‍ തൂപ്പുകാരിയുടെ ജോലി ചെയ്യുന്നു.
മകന്‍ ലാഭ് സിങ് ഉകുകേ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുമ്പോഴും തന്‍റെ ജോലിയില്‍ വ്യാപൃതയാണ് ബല്‍ദേവ് കൗര്‍. 'ജീവിക്കാനുള്ള പണം സമ്പാദിക്കാന്‍ എന്നും ഞങ്ങള്‍ കഷ്‌ടപ്പെട്ടിട്ടുണ്ട്. മകന്‍ വലിയ സ്ഥാനത്തെത്തുമ്പോഴും സ്‌കൂളില്‍ ഞാനെന്‍റെ ജോലി തുടരുകയാണ്. പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെയാണ് മത്സരിച്ചതെങ്കിലും മകന്‍ വിജയിക്കുമെന്നുറപ്പുണ്ടായിരുന്നു' എന്നും ബല്‍ദേവ് കൗര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
അമ്മ തൂപ്പുകാരിയായി ജോലി ചെയ്യുന്ന ഇതേ സ്‌കൂളിലാണ് എഎപി എംഎല്‍എ ലാഭ് സിങ് ഉകുകേ പഠിച്ചത്. 'ലാഭ് സിങിന്‍റെ അമ്മ ഏറെക്കാലമായി ഈ സ്‌കൂളില്‍ തൂപ്പുകാരിയായി ജോലി ചെയ്യുന്നു. ലാഭ് സിങ് പഠിച്ചത് ഇതേ സ്‌കൂളിലാണ്. സ്‌കൂളിനും ഗ്രാമത്തിനും ഏറെ അഭിമാനം നേടിത്തന്നു ലാഭ് സിങ്. മകന്‍ എംഎല്‍എയായിരിക്കുമ്പോഴും തന്‍റെ ജോലി സ്‌കൂളില്‍ തുടരണമെന്നാണ് അദ്ദേഹത്തിന്‍റെ അമ്മ ബല്‍ദേവ് കൗറിന്‍റെ ആഗ്രഹമെന്നും' സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത് പാല്‍ കൗര്‍ വ്യക്തമാക്കി. മുന്‍പുള്ള പോലെതന്നെ ജീവിക്കണമെന്നാണ് തങ്ങളുടെ സ്വപ്‌നമെന്ന് ലാഭ് സിങ് ഉകുകേയുടെ പിതാവ് ദര്‍ശന്‍ സിംഗ് പറഞ്ഞു. ദര്‍ശന്‍ ഡ്രൈവറാണ്.
ലാഭ് സിങ് ഉകുകേ 2013ലാണ് എഎപിയില്‍ ചേര്‍ന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഉകുകേ മൊബൈല്‍ റിപ്പയര്‍ ഷോപ്പ് ജീവനക്കാരനാണ്. "മുഖ്യമന്ത്രി ഛന്നി ഒരു സാധാരണക്കാരന്‍റെ മുഖംമൂടി അണിഞ്ഞിരിക്കുകയാണ്. ബദൗറിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഛന്നിക്കറിയില്ല. എന്റെ മണ്ഡലത്തിൽ 74 ഗ്രാമങ്ങളുണ്ട്, ഓരോ ഗ്രാമത്തിലെയും പ്രശ്നങ്ങൾ എനിക്കറിയാം. എന്നെ സംബന്ധിച്ചിടത്തോളം ബദൗർ കേവലമൊരു നിയമസഭ മണ്ഡലമല്ല, എന്റെ കുടുംബമാണ്. ഛന്നി സാഹിബിന് ഇവിടുത്തെ 10 ഗ്രാമങ്ങളുടെ പേര് പോലും തികച്ചറിയില്ല, അദ്ദേഹത്തിന് ഇത് വെറും മണ്ഡലം മാത്രമാണ്. മാർച്ച് 10ന് ശേഷം നോക്കിക്കോളൂ, ഛന്നിയെ ബദൗറിൽ നാമനിർദ്ദേശം ചെയ്ത ആളെ അദ്ദേഹം അന്വേഷിക്കുന്ന അവസ്ഥ വരും"- തെരഞ്ഞെടുപ്പിന് മുമ്പേ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഉകുകേ വെല്ലുവിളിച്ചു. ഫലം വന്നപ്പോള്‍ ഛന്നിയെ അട്ടിമറിച്ചു ഉകുകേ.