'അരുതേ, പോകരുതേ', രാജി അഭ്യൂഹങ്ങൾക്കിടെ പ്രവർത്തക സമിതി, വാസ്നിക് അധ്യക്ഷനാകണമെന്ന് ജി 23

Published : Mar 13, 2022, 03:29 PM ISTUpdated : Mar 13, 2022, 03:46 PM IST
'അരുതേ, പോകരുതേ', രാജി അഭ്യൂഹങ്ങൾക്കിടെ പ്രവർത്തക സമിതി, വാസ്നിക് അധ്യക്ഷനാകണമെന്ന് ജി 23

Synopsis

അഞ്ച് സംസ്ഥാനങ്ങളിൽ തകർന്നടിഞ്ഞു. ഇനി മുന്നോട്ടെന്ത് എന്നറിയാതെ ഇരുളിലേക്ക് നോക്കി നിൽക്കുകയാണ് കോൺഗ്രസ്. പതിവില്ലാത്ത വിധം ഗാന്ധി കുടുംബത്തിന് മേൽ രാജി വയ്ക്കണമെന്ന സമ്മർദ്ദം നിറയുന്നു. ജി 23 നേതാക്കൾ ഇനി ഗാന്ധി കുടുംബത്തിന്‍റെ അധീശത്വം അംഗീകരിക്കില്ലെന്ന നിലപാടെടുക്കുന്നു. 

ദില്ലി: നിലവിലെ ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയെ മാറ്റി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ നിയോഗിക്കണമെന്ന് കോൺഗ്രസിലെ വിമതഗ്രൂപ്പായ ജി 23 ഗ്രൂപ്പ്. മുകുൾ വാസ്നിക്കിനെ അംഗീകരിക്കാൻ ഭൂരിപക്ഷം പ്രവർത്തകസമിതി അംഗങ്ങളും തയ്യാറാകില്ലെങ്കിലും ഒരു പ്രതിഷേധമെന്ന നിലയ്ക്കാണ് വിമത സംഘമായ ജി 23 വാസ്നികിന്‍റെ പേര് നിർദേശിക്കുന്നത്. 

അഞ്ച് സംസ്ഥാനങ്ങളിൽ തകർന്നടിഞ്ഞു. ഇനി മുന്നോട്ടെന്ത് എന്നറിയാതെ ഇരുളിലേക്ക് നോക്കി നിൽക്കുകയാണ് കോൺഗ്രസ്. പതിവില്ലാത്ത വിധം ഗാന്ധി കുടുംബത്തിന് മേൽ രാജി വയ്ക്കണമെന്ന സമ്മർദ്ദം നിറയുന്നു. ജി 23 നേതാക്കൾ ഇനി ഗാന്ധി കുടുംബത്തിന്‍റെ അധീശത്വം അംഗീകരിക്കില്ലെന്ന നിലപാടെടുക്കുന്നു. 

രാജി വയ്ക്കാൻ തയ്യാറാണെന്ന നിലപാടിൽ രാഹുൽ, പ്രിയങ്ക, സോണിയ എന്നിവർ എത്തിയെങ്കിലും അത് പ്രവർത്തകസമിതി അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. അതേസമയം, സോണിയാഗാന്ധിക്ക് പിന്തുണയുമായി എഐസിസി ആസ്ഥാനത്തിന് മുന്നിൽ ഒരു സംഘം പ്രവർത്തകർ പ്രകടനം നടത്തി. ഗാന്ധി കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് അൽഖാ ലാംബയുടെ നേതൃത്വത്തിൽ എഐസിസിയുടെ മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടിയിട്ടുണ്ട്. കോൺഗ്രസിനായി രക്തസാക്ഷികളായവരാണ് ഗാന്ധി കുടുംബമെന്ന് അൽഖാ ലാംബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിവാർ പാർട്ടി എന്ന് അധിക്ഷേപിക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്നും അൽഖ ലാംബ. ജി 23 നേതാക്കൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പ്രവർത്തക സമിതിയിലാണ് പറയേണ്ടെതെന്നും അൽഖാ ലാംബ തുറന്നടിക്കുന്നു. 2024-ൽ പാർട്ടിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെ നയിക്കുമെന്നും ലാംബ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 

രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകണമെന്ന് പ്രവർത്തകസമിതി യോഗത്തിന് എത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് ആവശ്യപ്പെടുന്നു. കോൺഗ്രസ് ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് അനിവാര്യമാണെന്നും ഗലോട്ട് വ്യക്തമാക്കുന്നു. 

രാവിലെ കോൺഗ്രസിന്‍റെ പാര്‍ലമെന്‍റ് നയരൂപീകരണ സമിതി യോഗം ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് തോല്‍വിയടക്കമുള്ള വിഷയങ്ങള്‍ ചർച്ചയായില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അവലോകനം ചെയ്യാന്‍ ചേരുന്ന പ്രവർത്തകസമിതി യോഗം സംഭവ ബഹുലമാകുമോ? തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധിയും പ്രവര്‍ത്തക സമിതി അംഗത്വം രാഹുല്‍ഗാന്ധിയും ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്കയും രാജി വച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. റിപ്പോര്‍ട്ടുകള്‍ എഐസിസി തള്ളിയെങ്കിലും ഗാന്ധി കുടുംബം പ്രതികരിച്ചിട്ടില്ല. 

രാജി വാര്‍ത്തകള്‍ക്ക് പിന്നാലെ നേതൃത്വം ഒഴിയരുതെന്ന മുറവിളി വിശ്വസ്തരില്‍ നിന്ന് ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പരാജയത്തില്‍ കൂട്ടുത്തരവാദിത്തം എന്ന കവചമുയര്‍ത്തി എതിര്‍ സ്വരങ്ങളെ തടുക്കാനുള്ള തയ്യാറെടുപ്പിലാണ് 54 അംഗ പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷമുള്ള ഗാന്ധി കുടുംബത്തിന്‍റെ അനുകൂലികള്‍. നാളെ തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ നയരൂപീകരണ സമിതി ചേര്‍ന്നെങ്കിലും മറ്റ് വിഷയങ്ങളിലേക്ക് കടക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിച്ചു. ഗ്രൂപ്പ് 23-ല്‍ പെട്ട ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

4 മണിക്ക് തുടങ്ങിയ അന്‍പത്തിനാലംഗ വിശാല പ്രവർത്തക സമിതിയില്‍ ഭൂരിപക്ഷവും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരാണ്. അവരെ സമ്മർദ്ദത്തിലാക്കാനുള്ള നാടകീയ നീക്കമാണോയെന്ന സംശയം ഗ്രൂപ്പ് 23 ഉന്നയിക്കുന്നുണ്ട്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്നിക് എന്നിവരാണ് ഗ്രൂപ്പ് 23 ന്‍റെ ഭാഗമായി പ്രവര്‍ത്തക സമിതിക്കെത്തുക. 

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ അധ്യക്ഷനാകണമെന്നാവര്‍ത്തിക്കുന്ന ഗ്രൂപ്പ് 23, പ്രവര്‍ത്തക സമിതി അംഗം മാത്രമായ രാഹുല്‍ഗാന്ധി സംഘടനയില്‍ അധികമായി ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടും. തോല്‍വിയില്‍ കെ സി വേണുഗോപാലിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉന്നയിക്കും. അഞ്ച്  സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍സെക്രട്ടറിമാര്‍ എന്തു കൊണ്ടു തോറ്റു എന്നത് സംബന്ധിച്ച  പ്രാഥമിക റിപ്പോര്‍ട്ട് യോഗത്തില്‍  അവതരിപ്പിക്കും. പിസിസി അധ്യക്ഷന്മാര്‍ രാജി സന്നദ്ധത അറിയിച്ചേക്കുമെന്നും സൂചനയുണ്ട്.

സംസ്ഥാനങ്ങളിലെ സാഹചര്യം പരിശോധിക്കാതെ വിശ്വസ്തരുടെ മാത്രം വാക്ക് കേട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് ചില നേതാക്കള്‍ തോൽവിക്ക് ശേഷം പറയുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സംഘടനയെ ചലിപ്പിക്കുന്നതില്‍ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പരാജയപ്പെട്ടു. അവസാനഘട്ടത്തില്‍ കുറച്ച് ദിവസം പഞ്ചാബില്‍ പോയി  നിന്നതല്ലാതെ മറ്റൊരു സംസ്ഥാനത്തും പ്രചാരണത്തിനായി കെ സി വേണുഗോപാല്‍ ഇറങ്ങിയില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ സി വേണുഗോപാല്‍ തുടരുന്നതിനെതിരെയും വിമര്‍ശനം ശക്തമാണ്. 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു