
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ തിരിച്ചടി നേരിടുമ്പോൾ വിജയാഘോഷം കെ.വി.തോമസിലേക്ക് കൂടി ഉന്നം വയ്ക്കുകയാണ് യുഡിഎഫ് ക്യാമ്പ്. ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ക്യാമ്പ് വിട്ട് ചെറിയ തോതിൽ ആശങ്കയുണ്ടാക്കിയ തോമസിനോടുള്ള പ്രതിഷേധം ആഹ്ലാദ പ്രകടനത്തിലൂടെ പ്രകടിപ്പിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കെ.വി.തോമസിനെതിരെ പ്രതിഷേധ മുദ്രാവാക്യവുമായി നേരത്തെ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഉമ ലീഡ് ഉയർത്തിയതോടെ തിരുത മീനുമായി പ്രവർത്തകർ നിരത്തിലെത്തി. തിരുത മീനുകൾ നിരത്തിവച്ച് 'തിരുത തോമസ് വേണോ, ഫ്രീയായി തരാം' എന്ന് അണികൾ. മറ്റ് ചില പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ പ്രകടനം നടത്തി. സാമൂഹിക മാധ്യമങ്ങളിലും കെ.വി.തോമസിനെതിരായ വികാരമാണ് പ്രവർത്തകർ പങ്കുവയ്ക്കുന്നത്
'നിന്നെ പിന്നെ കണ്ടോളാം'
ആദ്യറൗണ്ടിൽ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെ ആവേശഭരിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയിരുന്നു. പി.ടി.തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനന്ദിച്ചുമുള്ള മുദ്രാവാക്യം വിളി പിന്നെ കെ.വി.തോമസിന് എതിരായി. 'പ്രൊഫസർ കെ.വി.തോമസ്, നിന്നെ പിന്നെ കണ്ടോളാം' എന്നായിരുന്നു മുദ്രാവാക്യം.
'നിന്നെ പിന്നെ കണ്ടോളാം': കെ.വി.തോമസിനെതിരെ മുദ്രാവാക്യം വിളിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോൺഗ്രസ് വിലക്ക് ലംഘിച്ച് കെ.വി.തോമസ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകർ ശവമഞ്ച യാത്ര നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. തുടർന്ന് കെ.വി.തോമസിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നുവെങ്കിലും ഉപതെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കുകയായിരുന്നു പ്രവർത്തകർ എന്നാണ് ഇപ്പോഴത്തെ ആഹ്ലാദ പ്രകടനങ്ങൾ തെളിയിക്കുന്നത്.
'കെ-റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം'
കെ റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്ന് കെ വി തോമസ്
അതേസമയം തൃക്കാക്കരയിൽ കെ-റെയിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണം എന്നതായിരുന്നു കെ.വി.തോമസിന്റെ പ്രതികരണം. ഉമാ തോമസ് ലീഡ് ഉയർത്തി തുടങ്ങിയതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിലും കെ-റെയിലിന് അനുകൂല നിലപാട് സ്വീകരിച്ചയായാളായിരുന്നു കെ.വി.തോമസ്