
ഭോപ്പാല്‍: രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍. നെറിക്കെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മുസ്‍ലിം സംഘടന നേതാക്കളോട് തങ്ങളുടെ 90 ശതമാനം വോട്ടും കോണ്‍ഗ്രസിന് നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് പറയുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്ത് വന്നത്.
നെറികെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നത്. അവരാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി. ചിലപ്പോള്‍ അവര്‍ക്ക് മുസ്‍ലിം വോട്ട് വേണം. ഇടയ്ക്ക് അവര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. നാരങ്ങയുടെയും മുളകിന്‍റെയും മാല കഴുത്തിലിട്ട് അവര്‍ കറങ്ങി നടക്കുന്നു.
90 ശതമാനം മുസ്‍ലിം വോട്ട് ലഭിച്ചില്ലെങ്കില്‍ തോല്‍ക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു. അപ്പോള്‍ തോല്‍ക്കുന്നതാണ് നല്ലത്. ജനാധിപത്യ സംവിധാനത്തില്‍ ഒരു സര്‍ക്കാരിന്‍റെ നയങ്ങളും ദീര്‍ഘവീക്ഷണവും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നത്.
എന്നാല്‍, ഹിന്ദു-മുസ്‍ലിം അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് മോശം പ്രവണതയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം മൂലം രാജ്യത്തെ, കോണ്‍ഗ്രസ് വിഘടിപ്പിക്കാന്‍ നോക്കുകയാണെന്നും ശിവ്‍രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍.
ഒരു കര്‍ഷകന്‍റെ മകന്‍ മുഖ്യമന്ത്രിയും ഒരു ചായക്കടക്കാരന്‍റെ മകന്‍ പ്രധാനമന്ത്രിയുമായ സാഹചര്യത്തില്‍ അവര്‍ക്ക് ജീവിക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 28നാണ് മധ്യപ്രദേശിലെ വോട്ടിംഗ് നടക്കുക. ഡിബംബര്‍ 11ന് വോട്ടെണ്ണല്‍.