
തിരുവനന്തപുരം: അട്ടിമറി വിജയം പ്രതീക്ഷിച്ച തൃക്കാക്കരയിൽ തികച്ചും അപ്രതീക്ഷിതമായാണ് വൻ തിരിച്ചടി ഇടതുപക്ഷം ഏറ്റുവാങ്ങിയത്. തോൽവി മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ ഒന്നടങ്കം പ്രതികരിച്ചപ്പോൾ തോൽവി അപ്രതീക്ഷിതമായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇടത് നേതാക്കൾ. നേതാക്കളുടെ പ്രതികരണങ്ങളിലേക്ക്...
മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് കെ.സി.വേണുഗോപാൽ
ഭരണയന്ത്രം ദുരുപയോഗം ചെയ്ത പിണറായിയുടെ മുഖത്തേറ്റ അടിയാണ് തൃക്കാക്കരയിലെ തോൽവിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രി ഏത് മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു.
സെഞ്ച്വറി അടിക്കാൻ വന്ന പിണറായി ക്ലീൻ ബൗൾഡ് ആയെന്ന് ചെന്നിത്തല
തൃക്കാക്കരയിലേത് ശക്തമായ ജനവിധിയെന്ന് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പിണറായിയുടെ കൗണ്ട് ഡൗൺ തുടങ്ങിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തൃക്കാക്കരയിൽ പ്രവർത്തിച്ചു. ഇടത് ദുർഭരണത്തിനും സിൽവർ ലൈനിനും എതിരായ ജനവികാരം തൃക്കാക്കരയിലുണ്ടായി. ജനങ്ങളുടെ മേൽ കുതിര കയറുന്ന പിണറായിക്കുള്ള താക്കീതാണ് ഈ തോൽവിയെന്നും ചെന്നിത്തല പറഞ്ഞു.
വി.ഡി.സതീശന്റെ മാത്രം നേട്ടമല്ലെന്ന് പി.സി.ജോർജ്
തൃക്കാക്കരയിലേത് എല്ലാ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമെന്ന് പി.സി.ജോർജ്. പിണറായി വിരുദ്ധതയുടെ പേരിൽ ബിജെപിയുടെ വോട്ടുകളും ഉമാ തോമസിന് ലഭിച്ചിടുണ്ട്. തന്നെ അറസ്റ്റ് ചെയ്തത്തിലും ജനത്തിന് അമർഷം ഉണ്ട്. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന് എതിരായ ജനവിധി ആണ് ഇത്. ഇനി സിൽവർ ലൈനുമായി മുന്നോട്ട് പോകേണ്ടതില്ല. ഡോക്ടർ ജോ ജോസഫിനെ രോഗികൾക്ക് ആവശ്യമുണ്ടെന്നും എത്രയും പെട്ടന്ന് അശുപത്രിയിലെത്തി ഒപി ആരംഭിക്കണമെന്നും പി.സി.ജോർജ് പരിഹസിച്ചു.
വിഭാഗീയതയ്ക്കും ചേരിതിരിവിനുമുള്ള മറുപടിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
തൃക്കാക്കരയിലേത് ഇടത് സർക്കാരിനെതിരായ ജനവിധിയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അപ്പോൾ മുഖ്യമന്ത്രിയുടെ പരാജയം എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഭൂരിപക്ഷമാണ് തൃക്കാക്കരയിൽ ലഭിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാഠങ്ങൾ പഠിച്ച് മുന്നോട്ടുപോകുമെന്ന് ബിനോയ് വിശ്വം
ഇടതുപക്ഷം വിജയങ്ങളിൽ മതിമറന്നിട്ടില്ലെന്ന് ബിനോയ് വിശ്വം എംപി. പരാജയങ്ങളിൽ പതറിപ്പോയിട്ടില്ല, ജനങ്ങളാണ് ഏറ്റവും വലിയവർ. അവരുടെ വിധിയെ ഇടതുപക്ഷം മാനിക്കുന്നുവെന്നും അതിൽ നിന്ന് പഠിക്കേണ്ട പാങ്ങൾ പഠിച്ച് ജനങ്ങൾക്കൊപ്പം മുന്നട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തോൽവി അംഗീകരിക്കുന്നുവെന്ന് അഹമ്മദ് ദേവർകോവിൽ
തൃക്കാക്കരയിൽ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല, മണ്ഡലം കമ്മിറ്റിയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വർഗീയകക്ഷികൾ യുഡിഎഫിന് അനുകൂലമായി നിന്നു.തോൽവി സംബന്ധിച്ച് പരിശോധിക്കുമെന്നും ദേവർകോവിൽ പറഞ്ഞു.
മഞ്ഞക്കുറ്റിക്ക് ജനം നൽകിയ മറുപടിയെന്ന് തിരുവഞ്ചൂർ
തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വർഗീയതയ്ക്ക് വിത്ത് വിളച്ച സർക്കാരിനേറ്റ ആഘാതമാണ് ഇത്. കേരളം മാറുന്നു എന്നതിന്റെ ഉദാഹരണമാണ്. വി.ഡി.സതീശൻ മുന്നിൽ നിന്ന് നയിച്ച പോരാട്ടത്തിന്റെ ഫലമാണ് ഉണ്ടായത്. കത്തികൊണ്ടിരിക്കുന്ന പുരയിലേക്കാണ് കെ.വി.തോമസ് പോയത്, ഇപ്പോൾ അദ്ദേഹവും കത്തുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
കെ.വി.തോമസിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
കുമ്പളങ്ങിയിൽ നിന്ന് സിൽവർലൈൻ ആരംഭിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കെ.വി.തോമസിന് മുഖം മറക്കാതെ പുറത്തിറങ്ങാനാവില്ല. കോൺഗ്രസിൽ നിന്ന് പുറത്തുപോയ വിസർജ്യങ്ങളെ കൂട്ടുപിടിച്ചായിരുന്നു തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണം. മുഖ്യമന്ത്രി ഇനി അഹങ്കാരം കുറയ്ക്കണം. പ്രചാരണം നയിച്ചത് മുഖ്യമന്ത്രി അല്ലെന്ന വാദം എട്ടുകാലി മമ്മൂഞ്ഞ് നയമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ധിക്കാരത്തിനേറ്റ അടിയെന്ന് എൻ.കെ.പ്രേമചന്ദ്രൻ
ജനങ്ങളുടെ പ്രോഗസ് റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. സാമുദായിക ധ്രുവീകരണം ലക്ഷ്യംവച്ചുള്ള സിപിഎമ്മിന്റെ അടവ് നയത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിൽ ഉണ്ടായത്. തേൽവിയിൽ മുഖ്യമന്ത്രി മറുപടി പറയണം. ജോ ജോസഫല്ല പിണറായി വിജയൻ തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും പേരമചന്ദ്രൻ പറഞ്ഞു.