മത്സരിപ്പിക്കാൻ പൊതുസമ്മതരെ തിരഞ്ഞ് സിപിഎം: സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനാര്‍ത്ഥി ചർച്ച

By Web TeamFirst Published Feb 2, 2019, 12:19 PM IST
Highlights

വിജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങളിലാണ് പൊതുസമ്മതരെ പരീക്ഷിക്കാൻ സിപിഎം തയ്യാറെടുക്കുന്നത്. രാഷ്ട്രീയത്തിന് അപ്പുറം വോട്ടർമാരെ സ്വാധീനിക്കാനാകുന്ന പൊതു പ്രവർത്തകർ, കലാ സാംസ്കാരിക പ്രവർത്തകർ എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പൊതുസമ്മതരുടെ പട്ടിക സിപിഎം തയ്യാറാക്കുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമിതിയിൽ പരിഗണിക്കാൻ ഉദ്ദേശിക്കുന്ന പൊതുസമ്മതരെ സംബന്ധിച്ച് പ്രാഥമിക ചർച്ച നടക്കും. പത്തനംതിട്ടയിലും വടക്കൻ കേരളത്തിലെ ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിലുമാണ് പൊതുസമ്മതരെ പരീക്ഷിക്കാൻ സിപിഎം തയ്യാറെടുക്കുന്നത്. രാഷ്ട്രീയത്തിന് അപ്പുറം വോട്ടർമാരെ സ്വാധീനിക്കാനാകുന്ന പൊതു പ്രവർത്തകർ, കലാ സാംസ്കാരിക പ്രവർത്തകർ എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്.

പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിൽ ഒന്നിലേക്ക് ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കുന്ന കാര്യവും ഇടതുമുന്നണി ആലോചിക്കുന്നുണ്ട്. മാണി, ജോസഫ് അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് ജോർജിനെ ഇടതുമുന്നണി കോട്ടയത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജെഡിയുവിന് നൽകിയ സീറ്റാണ് കോട്ടയം. കോട്ടയത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങൾ കൂടി ചേർത്ത് പുനഃസംഘടിപ്പിച്ച പത്തനംതിട്ടയിലേക്കും ഫ്രാൻസിസ് ജോർജിന്‍റെ പേര് പ്രാഥമിക പരിഗണനയിലുണ്ട്.

ഏതൊക്കെ സീറ്റുകൾ ഘടകക്ഷികളിൽ നിന്ന് ഏറ്റെടുക്കണം, ഏതൊക്കെ മണ്ഡലങ്ങൾ വിട്ടുനൽകണം എന്ന കാര്യവും ഇന്നത്തെ സംസ്ഥാന സമിതിയിൽ സിപിഎം ചർച്ച ചെയ്യുന്നുണ്ട്. ജയസാധ്യത ഏറെയുള്ള മണ്ഡലങ്ങളിൽ പരിചിത മുഖങ്ങളെത്തന്നെ പരീക്ഷിക്കണോ പുതുമുഖങ്ങൾക്ക് അവസരം നൽകണോ എന്ന കാര്യത്തിലും സിറ്റിംഗ് സീറ്റുകളിൽ ആർക്കെല്ലാം വീണ്ടും അവസരം നൽകണം എന്നതുമടക്കമുള്ള ചർച്ചകൾ സംസ്ഥാന സമിതിയിലുണ്ടാകും.  സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ചർച്ചയിൽ ജില്ലാ നേതാക്കളുടെ അഭിപ്രായം ഔദ്യോഗികമായി ആരായുകയും ചെയ്യും. തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ സിപിഎമ്മും ഇടതുമുന്നണിയും വലിയ പ്രാധാന്യത്തോടെ കാണുന്ന രണ്ട് മേഖലാ ജാഥകളുടെ സംഘാടനം സംബന്ധിച്ചും സിപിഎം സംസ്ഥാനസമിതി തീരുമാനം എടുക്കും.

click me!