സൈബർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സിപിഎം; എട്ടുമണിക്ക് കോടിയേരി ഫേസ്ബുക്ക് ലൈവിലെത്തും

By Web TeamFirst Published Feb 5, 2019, 4:19 PM IST
Highlights

കഴിഞ്ഞ തവണ താമസിച്ച് തുടങ്ങിയതിന്‍റെ പോരായ്മ നികത്താൻ ഇത്തവണ സിപിഎം ഏറെ നേരത്തേ തന്നെ സൈബർ പടയൊരുക്കം തുടങ്ങി. സോഷ്യൽ മീഡിയ വോളണ്ടിയർമാരെ അങ്കത്തട്ടിലിറക്കുന്നതിന്‍റെ ആദ്യപടിയായാണ് സംസ്ഥാന സെക്രട്ടറി  ഇന്ന് ഫേസ്ബുക്ക് ലൈവിലെത്തുന്നത്. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് നാടൊരുങ്ങുമ്പോൾ സൈബർ ലോകത്തും പ്രചാരണം സജീവമാകുകയാണ്. പതിവിന് വിപരീതമായി ഇത്തവണ സൈബർ തെരഞ്ഞെടുപ്പ് പോരിൽ സിപിഎം തുടക്കത്തിൽ തന്നെ സജീവമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രാത്രി എട്ട് മണി മുതൽ പാർട്ടി സംസ്ഥാന ഘടകത്തിന്‍റെ ഔദ്യോഗിക പേജായ 'CPIM Kerala' എന്ന ഫേസ്ബുക്ക് പേജിൽ തത്സമയം എത്തും. തത്സമയം എത്തുന്ന ചോദ്യങ്ങൾക്ക് കോടിയേരി തത്സമയം മറുപടി നൽകുമെന്നാണ് സിപിഎം അറിയിക്കുന്നത്.

2014 ലോക്സഭാ തെരഞ്ഞെടുപ്പ് കാലം മുതലേ ബിജെപി ഓൺലൈൻ പ്രചാരണത്തിൽ സംഘടിതമായി സജീവമാണ്. സിപിഎം, കോൺഗ്രസ്, സൈബർ സേനകൾ ചിത്രത്തിലുണ്ടായിരുന്നെങ്കിലും അവരുടെ പ്രവർത്തനം ബിജെപിയെപ്പോലെ കൃത്യമായി സംഘടിപ്പിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുന്നണികളുടേയും സൈബർ പ്രചാരകർ പരസ്പരം മത്സരിച്ചുതന്നെ രംഗത്തുണ്ടായിരുന്നു. പക്ഷേ കൃത്യമായ ആസൂത്രണവും സംഘാടനവും ചുമതലക്കാരും ഒക്കെയായി ബിജെപിയുടെ സൈബർ സേന തന്നെയായിരുന്നു ഒരുപടി മുകളിൽ. പരിചയ സമ്പന്നരായ ചുമതലക്കാരുടെ കീഴിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി  എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ സൈബർ സേന എണ്ണയിട്ട യന്ത്രം പോലെ സജീവമായിക്കഴിഞ്ഞു.

അടുക്കും ചിട്ടയും ഇല്ലായ്മയാണ് സ്വന്തം സൈബർ ഇടപെടലുകളിലെ പ്രധാന പ്രതിസന്ധിയെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. പിഴവുകൾ തിരുത്തി കോൺഗ്രസും ഓൺലൈൻ പ്രവർത്തനത്തിനുള്ള ആദ്യഘട്ട നീക്കങ്ങൾ നടത്തിക്കഴിഞ്ഞു. ഡോ.ശശി തരൂരിന്‍റെ മേൽനോട്ടത്തിൽ ഒരു പ്രൊഫഷണൽ ടീമിന്‍റെ ചുമതലയിലാണ് കോൺഗ്രസിന്‍റെ ഓൺലൈൻ പദ്ധതികൾ ഒരുങ്ങുന്നത്. കെപിസിസി ഡിജിറ്റൽ മീഡിയാ കൺവീനറായി മുതിർന്ന നേതാവ് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ചുമതലയേറ്റുകഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ തയ്യാറായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്‍റെ സൈബർ പ്രചാരണത്തിന്‍റെ തുടക്കം.

കഴിഞ്ഞ തവണ താമസിച്ച് തുടങ്ങിയതിന്‍റെ പോരായ്മ നികത്താൻ ഇത്തവണ സിപിഎമ്മും ഏറെ നേരത്തേ തന്നെ സൈബർ പ്രചാരണത്തിന് പടയൊരുക്കം തുടങ്ങി. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തന്നെ സൈബ‍ർ പ്രചാരണം ശക്തമാക്കാൻ ഔദ്യോഗിക തീരുമാനമുണ്ടായിരുന്നു. പാർട്ടിയുടേയും വർഗ്ഗ ബഹുജന സംഘടനകളുടേയും  സോഷ്യൽ മീഡിയ പേജുകളും ജനപ്രതിനിധികളുടേയും നേതാക്കളുടെയും പ്രൊഫൈലുകളും മാസങ്ങൾക്ക് മുമ്പുതന്നെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സജീവമാക്കി. സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ആശയപ്രചാരണം നടത്താനും ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് വാട്സാപ് ഗ്രൂപ്പുകളും മാസങ്ങൾക്ക് മുമ്പുതന്നെ തന്നെ സിപിഎം തുടങ്ങിയിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയകരമായി പരീക്ഷിച്ച ഈ തന്ത്രം സംസ്ഥാന വ്യാപകമാക്കാൻ നേതൃത്വം എടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പാക്കുന്നത്.

ജനുവരി മാസം തുടക്കത്തിൽ തന്നെ സിപിഎം സോഷ്യൽ മീഡിയ വോളണ്ടിയർമാരുടെ രജിസ്ട്രേഷൻ തുടങ്ങി. ഇരുപത് ദിവസത്തിനകം ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയാക്കി. മണ്ഡലം, ഏരിയ കേന്ദ്രീകരിച്ച് ചുമതലക്കാരെയും നിശ്ചയിച്ചു. പുതിയതായി എത്തിയ സൈബർ വോളണ്ടിയർമാർക്ക് പരിശീലനം നൽകി ഓൺലൈൻ തെരഞ്ഞെടുപ്പ് പോര് ശക്തവും കേന്ദ്രീകൃതവുമാക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ സജീവമാണ്. സിപിഎം ചുമതലപ്പെടുത്തിയ സോഷ്യൽ മീഡിയ വോളണ്ടിയർമാരെ അങ്കത്തട്ടിലിറക്കുന്നതിന്‍റെ ആദ്യപടിയായാണ്  സംസ്ഥാന സെക്രട്ടറി തന്നെ ഇന്ന് ഫേസ്ബുക്ക് ലൈവിലെത്തുന്നത്.

click me!