
ഇത്തവണ കോൺഗ്രസിന്റെ സീറ്റ് വിതരണം കഴിഞ്ഞപ്പോൾ വിവാദങ്ങളിലേക്ക് നീങ്ങിയ ഒരു മണ്ഡലം മീററ്റിലെ ഹസ്തിനപുർ ആയിരുന്നു. അവിടെ കോൺഗ്രസ് സീറ്റു നൽകിയത് മുൻ ബിക്കിനി മോഡൽ ആയ അർച്ചന ഗൗതമിനായിരുന്നു. ഇതിനെതിരെ, പല കേന്ദ്രങ്ങളിൽ നിന്നും ആ തീരുമാനത്തിനെതിരെ വിമർശനം ഉയർന്നു വന്നു. ഒരു ബിക്കിനി മോഡലിനെ സ്ഥാനാർത്ഥിയാകുക വഴി ഹിന്ദുക്കളുടെയും ജൈനരുടെയും പുണ്യ ഭൂമിയായ ഹസ്തിനപുരത്തെ അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്‌തത് എന്നൊരു ആക്ഷേപം ഹിന്ദു മഹാസഭയിൽ നിന്ന് വന്നിരുന്നു.
അതിനോട് പ്രതികരിച്ചുകൊണ്ട്, കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞത് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരു കലാകാരിയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ്. പ്രിയങ്കാ ഗാന്ധി പോലും അന്ന് അർച്ചനയെ ചേർത്തുപിടിക്കുകയുണ്ടായി. എന്നാൽ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കെ, ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, കോൺഗ്രസിന്റെ ഈ തീരുമാനം അമ്പേ പാളിയെന്നാണ് വ്യക്തമാവുന്നത്. നിലവിൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ദിനേശ്, കോൺഗ്രസ് സ്ഥാനാർഥി അർച്ചനയെക്കാൾ ബഹുദൂരം മുന്നിലെത്തി വിജയം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.
നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച ചരിത്രമുള്ള അർച്ചന ഗൗതം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 2021 നവംബറിലാണ് കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുക്കുന്നത്. 3,26,707 വോട്ടർമാർ ഉള്ള ഹസ്തിനപുർ മണ്ഡലത്തിൽ 1,44,933 പേരും സ്ത്രീ വോട്ടർമാരാണ്. നിലവിലെ ലീഡിന്റെ ട്രെൻഡ് ഒരു സൂചന മാത്രമാണ്. അന്തിമ വിധിക്കായി മുഴുവൻ വോട്ടുകളും എണ്ണിത്തീരും വരെ കാത്തിരിക്കേണ്ടി വരും.