ചുമതലയേറ്റ ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ എഐസിസി യോഗം ഇന്ന് ദില്ലിയിൽ

By Web TeamFirst Published Feb 7, 2019, 10:16 AM IST
Highlights

ഇന്നലെയാണ് പ്രിയങ്കാ ഗാന്ധി എഐസിസി ഓഫീസിലെത്തി അനൗദ്യോഗികമായി ചുമതലയേറ്റെടുത്തത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഭർത്താവ് റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്‍റ്  ഓഫീസിൽ കൊണ്ടു വിട്ട ശേഷമാണ് പ്രിയങ്ക ചുമതലയേറ്റത്.

ദില്ലി: കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷം പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന ആദ്യ എഐസിസി യോഗം ഇന്ന് ദില്ലിയിൽ നടക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. 

അതേസമയം, റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിലുള്ള പ്രതിഷേധം കോൺഗ്രസ് ശക്തമായി ഉന്നയിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണമാകും കോൺഗ്രസ് ഉന്നയിക്കുക. 

ഇന്നലെയാണ് പ്രിയങ്കാ ഗാന്ധി എഐസിസി ഓഫീസിലെത്തി അനൗദ്യോഗികമായി ചുമതലയേറ്റെടുത്തത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഭർത്താവ് റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്‍റ്  ഓഫീസിൽ കൊണ്ടു വിട്ട ശേഷമാണ് പ്രിയങ്ക ചുമതലയേറ്റത്.

എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ എത്തിയ പ്രിയങ്ക ബിജെപി സര്‍ക്കാര്‍ വദ്രയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഏത് ഘട്ടത്തിലും ഭർത്താവിനൊപ്പം താന്‍ ഉറച്ചു നില്‍ക്കുമെന്നും ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ നിന്നാണ് പ്രിയങ്ക എഐസിസി ആസ്ഥാനത്ത് എത്തി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തത്. 

പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയെ ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. 'പ്രിയങ്ക ഗാന്ധി സിന്ദാബാദ്' വിളികള്‍ക്കിടയില്‍ എഐസിസി ആസ്ഥാനത്തേക്ക് പ്രവേശിച്ച പ്രിയങ്ക, അവര്‍ക്ക് അനുവദിച്ച മുറിയിലേക്കാണ് നേരെ പോയത്. തുടര്‍ന്ന് യുപിയില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി അവര്‍ കൂടിക്കാഴ്ച നടത്തി.

കിഴക്കന്‍ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞമാസമാണ് പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയ്ക്കാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.

ഈ ആഴ്ചയില്‍ തന്നെ പ്രിയങ്ക യുപിയിലെത്തും എന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഘടനാ ചുമതലയുമായി വരുന്ന പ്രിയങ്കയ്ക്ക് ഉജ്ജ്വലസ്വീകരണം നല്‍കാനായി കാത്തിരിക്കുകയാണ് യുപിയിലെ പ്രവര്‍ത്തകര്‍. 

click me!