
ദില്ലി: എന്താണ് ഈ ആം ആദ്മി പാർട്ടി..? (Aam Aadmi Party) അതൊക്കെയൊരു രാഷ്ട്രീയ പാർട്ടിയാണോ? ആരാണ് ഇവരെ മുഖവിലയ്ക്കെടുക്കുക? രാഷ്ട്രീയ തഴക്കവും പഴക്കവും നൽകിയ ഗർവ്വിൽ ഇന്ദ്രപ്രസ്ഥത്തിലെ മുഖ്യമന്ത്രി കസേരയിലിരുന്ന് ഒമ്പത് വർഷം മുമ്പ് ഷീലാ ദീക്ഷിത് (Sheila Dikshit) ചോദിച്ചത് ഇങ്ങനെയായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ പതിറ്റാണ്ടുകളുടെ തഴമ്പുമായി അങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ ദില്ലിയുടെ ഒരു കാലത്തെ ജനകീയ മുഖ്യമന്ത്രി ഒരിക്കലും അതൊരു വാവിട്ട വാക്കായി മാറുമെന്ന് കരുതിക്കാണില്ല. ഇന്ദ്രപ്രസ്ഥത്തിലെ അധികാര വഴികളിൽ രൂപം കൊള്ളുന്ന രാഷ്ട്രീയ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് അന്ന് ഷീലാ ദീക്ഷിതിന് കാണാനായില്ല. അന്നത് കണ്ടറിഞ്ഞ് ഷിലാ ദീക്ഷിത് പ്രവർത്തിച്ചിരുന്നെങ്കിൽ എന്ന് ഇന്ന് പഞ്ചാബിലെ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടാകും.
ചൂലെടുത്ത് ദില്ലി മൊത്തം തൂത്തുവാരിയ ആം ആദ്മി പാർട്ടി പഞ്ചാബിലും അടിച്ചുവാരൽ ചരിത്രം ആവർത്തിച്ചു (Punjab Election Result 2022 ). ചൂൽ ചിഹ്നം പോലെത്തന്നെ വിജയിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തൂത്തുവാരി ഭരണം പിടിക്കുന്ന ശൈലി ആം ആദ്മി പാർട്ടി ആവർത്തിക്കുകയാണ്. സാധാരണക്കാരുടെ മുന്നേറ്റമെന്ന് ആപ്പ് വിശേഷിപ്പിക്കുന്ന പടയോട്ടത്തിൽ കടപുഴകിയ വൻമരങ്ങൾ നിരവധിയാണ്. പിടിച്ച സംസ്ഥാനങ്ങളൊന്നും പിന്നെ കൈവിട്ടിട്ടുമില്ലെന്ന ചരിത്രവും ഇതുവരെ ആപ്പിന് സ്വന്തം.
ഷീലാ ദീക്ഷിതിന്‍റെ പരിഹാസങ്ങൾക്ക് നടുവിലായിരുന്നു ദില്ലിയിൽ ആം ആദ്മി പാർട്ടി പ്രവർത്തനം തുടങ്ങിയത്. 1 കൊല്ലത്തിനുള്ളിൽ ദില്ലി ഭരണം പിടിച്ചാണ് ആംആദ്മി പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ചത്. രാഷ്ട്രീയ പാർട്ടിയല്ലെന്ന് പരിഹസിച്ചവർക്ക് മുന്നിലൂടെ 28 സീറ്റുകളിലെ വിജയവുമായാണ് അവർ ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറിയത്. ഒന്നര പതിറ്റാണ്ട് ദില്ലി ഭരിച്ച ഷീലാദീക്ഷിതടക്കം പ്രമുഖർ തിരിച്ചുവരാത്ത വിധം വീണു. തൊട്ടടുത്ത വർഷം 2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ എ എ പി കൊടുങ്കാറ്റ് ചുഴലിക്കാറ്റായി മാറുകയായിരുന്നു. 70ൽ 67ഉം ആപ്പ് അടിച്ചു വാരിയെടുത്തപ്പോൾ ആ ക്ഷീണത്തിൽ ഇരിക്കാൻ പോലും കോൺഗ്രസിനൊരു സീറ്റ് കിട്ടിയില്ല. 2020ലും 62 സീറ്റിന്‍റെ വമ്പൻ വിജയം തന്നെയായിരുന്നു ആപ്പ് സ്വന്തമാക്കിയത്.
തൂത്തുവാരുന്ന കൊടുംകാറ്റ് പഞ്ചാബിലാണ് ഇപ്പോൾ വ്യാപിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദർസിംങ്ങടക്കം നിരവധി പ്രമുഖരാണ് ആപ്പിന്‍റെ കൊടുങ്കാറ്റിന് മുന്നിൽ നിലതെറ്റി വീണത്. മുഖ്യമന്ത്രിയായിരുന്ന ഛന്നിക്കും അടിതെറ്റി. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരുന്ന കളിക്കാരനും പിസിസി അധ്യക്ഷനുമായ സിദ്ദുവിന്‍റെ അവസ്ഥയും പരിതാപകരം തന്നെ. വിജയിക്കുന്ന ഇടം അടിയോടെ മാന്തി, പ്രമുഖരെ കടപുഴകി എറിഞ്ഞാണ് 2013 മുതലിങ്ങോട്ട് ആപ്പ് ശക്തികൂട്ടുന്നത്. കിട്ടിയ ഇടങ്ങളൊന്നും പിന്നീട് വിട്ടുകൊടുത്തിട്ടില്ലെന്നതും എ എ പിയുടെ നേട്ടത്തിന്‍റെ തിളക്കം വർധിപ്പിക്കുന്നു.
പ്രധാന തീരുമാനങ്ങൾക്ക് മുൻപ് ഹിതപരിശോധനനടത്തി ജനത്തെക്കൂടി പങ്കാളികളാക്കുന്നതാണ് ആംആദ്മി പാർട്ടിയുടെ വേറിട്ട രീതി. 2013ൽ ദില്ലി ഭരിക്കാൻ കോൺഗ്രസ് പിന്തുണ തേടണോയെന്നതിൽ ഹിത പരിശോധന നടത്തിയായിരുന്നു തീരുമാനമെടുത്തത്. ആരാകണം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടത് എന്ന കാര്യത്തിലും എ എ പി ജനഹിതം പരിശോധിക്കാറുണ്ട്. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത്മനിനെ പ്രഖ്യാപിച്ചതും ജനഹിതം മാനിച്ചായിരുന്നു.
ആപ്പിന്‍റെ വളർച്ചയിൽ വ്യക്തമാകുന്ന മറ്റൊരു ചിത്രം കൂടിയുണ്ട്. അത് കോൺഗ്രസിന്‍റെ പതനത്തിലേക്കുള്ള ആണിയാണെന്നതാണ്. 2013 ൽ ദില്ലിയിൽ കോൺഗ്രസിന്‍റെ പതനത്തിന് തുടക്കമിട്ട ആദ്യത്തെ ആണിയാണ് ചുലുകൊണ്ട് അവർ അടിച്ചുറപ്പിച്ചത്. പിന്നീടിതുവരെ ഇന്ദ്രപ്രസ്ഥത്തിൽ കോൺഗ്രസ് പച്ച പിടിച്ചിട്ടില്ല. ഇന്നത്തെ ഫലവും കോൺഗ്രസിന് വലിയ തിരിച്ചടിയാകുന്നതിന് പിന്നിലെ കാരണം എ എ പിയുടെ ചൂല് തന്നെ. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണമുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനം പഞ്ചാബായിരുന്നു. പഞ്ചാബ് കൂടി 'കൈ' വിട്ടതോടെ കോൺഗ്രസ് പതനത്തിന്‍റെ അവസാന ആണികളിൽ ആദ്യത്തേതായി അത് മാറുകയാണ്. ഇന്ത്യൻ മധ്യവർഗത്തിന്‍റെ അഴിമതിവിരുദ്ധ മനോഭാവത്തിൽ കയറി യാത്ര തുടർന്ന ആം ആദ്മിക്ക് പാർലമെന്‍റിൽ മാത്രം ക്ലച്ചു പിടിക്കാനായിട്ടില്ല. ലോക്സഭയിൽ എ എ പി കൂടുതൽ മെലിയുകയായിരുന്നു ഇതുവരെ. 2014 ൽ വെറും നാല് സീറ്റായിരുന്നു അവർക്കുണ്ടായിരുന്നത്. 2019 ൽ അത് കേവലം ഒരു സീറ്റീലേക്കൊതുങ്ങി. ലോക്സഭയിൽ മാത്രമല്ല കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും അവർക്ക് ഇനിയും വേരോട്ടമുണ്ടാക്കാനായിട്ടില്ല. പക്ഷേ ഇനി എ എ പി ലോക്സഭയിൽ വളരാനാണ് സാധ്യത. പഞ്ചാബ് വിജയം അരവിന്ദ് കെജ്രിവാളിനും സംഘത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല.
സത്യപ്രതിജ്ഞ രാജ്ഭവനിൽ അല്ല, പിന്നെ? പഞ്ചാബിൽ ആദ്യ പ്രഖ്യാപനം നടത്തി ഭഗവന്ത് മൻ