പ്രതിപക്ഷ പ്രതീക്ഷയില്‍ വിള്ളല്‍; ഫെഡറല്‍ മുന്നണി സാധ്യതകള്‍ മങ്ങി

By Web TeamFirst Published Feb 10, 2019, 6:34 AM IST
Highlights

ബിജെപിയുമായി ഇപ്പോൾ ഏറ്റുമുട്ടുന്നത് തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യനീക്കം തടയുമെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസുമായി കേന്ദ്രത്തിൽ നീക്കുപോക്കിന് റാവു തയ്യാറാവില്ല

അമരാവതി: ഫെഡറൽ മുന്നണി രൂപീകരണം അനിശ്ചിതത്വത്തിലാക്കി ടിആർഎസ് അധ്യക്ഷൻ ചന്ദ്രശേഖര റാവുവിന്‍റെ ചുവടുമാറ്റം. സിബിഐ വിവാദത്തിൽ മമതാ ബാനർജിക്ക് അനുകൂലമായി നിലപാടെടുക്കാതിരുന്ന റാവു ബിജെപിയുമായി പരസ്യ ഏറ്റുമുട്ടലിന് തയ്യാറാവില്ലെന്ന വിലയിരുത്തലാണ് പ്രതിപക്ഷ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പുലര്‍ത്തുന്നത്.

ടിആർഎസുമായി അടുത്ത വൈഎസ്ആർ കോൺഗ്രസും മമതയ്ക്കെതിരെ രംഗത്തെത്തിയതോടെ ഫെഡറൽ മുന്നണി തെരഞ്ഞെടുപ്പിന് മുമ്പുണ്ടാവാൻ സാധ്യത മങ്ങി. കൊൽക്കത്തയിലെ സംഭവവികാസങ്ങൾ മമതാ ബാനർജിക്ക് പ്രതിപക്ഷ നിരയുടെ മുഴുവൻ പിന്തുണ നേടിക്കൊടുത്തിരുന്നു.

രാഹുൽ ഗാന്ധി, എം കെ സ്റ്റാലിൻ, ദേവെ ഗൗഡ , അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു എന്നിവരെല്ലാം ബിജെപിക്കെതിരെ രംഗത്തുവന്നു. മമതയുമായി കൈ കോർക്കാൻ തയ്യാറായി നിന്നവരിൽ ടിആർഎസ് അധ്യക്ഷന്‍റെ മൗനമാണ് ശ്രദ്ധേയമായത്. ഫെഡറൽ മുന്നണി രൂപീകരണത്തിന് മുൻകയ്യെടുത്ത റാവു രണ്ട് തവണയാണ് മമതയെ കണ്ടത്.

എന്നാൽ, നിർണായക സന്ദർഭത്തിൽ മമതയ്ക്കൊപ്പം അദ്ദേഹം നിന്നില്ല. കേന്ദ്ര നടപടിയെ വിമർശിക്കാനും ചന്ദ്രശേഖര റാവു തയ്യാറായില്ല. ഇതാണ് ഫെഡറൽ മുന്നണി രൂപീകരണം തെരഞ്ഞെടുപ്പിന് മുമ്പുണ്ടാവില്ലെന്ന സൂചനകൾ ശക്തമാക്കുന്നത്. ബിജെപിയുമായി ഇപ്പോൾ ഏറ്റുമുട്ടുന്നത് തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യനീക്കം തടയുമെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ.

സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസുമായി കേന്ദ്രത്തിൽ നീക്കുപോക്കിന് റാവു തയ്യാറാവില്ല. പിൻവലിഞ്ഞ റാവുവിനെ ഇനി മമതാ ബാനർജി കൂടെക്കൂട്ടുമോ എന്നും കണ്ടറിയണം. അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചർച്ച നടത്തുമെന്ന് പറഞ്ഞ റാവു ഇതുവരെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

അതേ സമയം, ജഗൻമോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസും ടിആർഎസിന്‍റെ വഴിയിലാണ്. മമതയുടേത് അധാർമിക നടപടിയാണെന്ന് വിമർശിച്ച വൈഎസ്ആർ കോൺഗ്രസ് ബിജെപിയെ കുറ്റപ്പെടുത്തിയതുമില്ല. തൂക്കുസഭ പ്രവചിച്ച അഭിപ്രായ സർവേകൾക്ക് ശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്. ബിജെപിയോടുളള ഇരുപാർട്ടികളുടെയും മൃദുസമീപനം തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് തെലുങ്കുദേശം പാർട്ടിയുടെ തീരുമാനം. 

click me!