സീറ്റിന് വേണ്ടി ജനതാദളുകള്‍ തമ്മില്‍ പോര്; ഒന്നിച്ച് നിന്ന് തര്‍ക്കമൊഴിവാക്കിക്കൂടേയെന്ന് സിപിഎം

By Web TeamFirst Published Feb 3, 2019, 7:02 AM IST
Highlights

തെരഞ്ഞെടുപ്പ് അടുത്തു. മുന്നണിമാറിയെത്തിയ ചെറു പാര്‍ട്ടികള്‍ തമ്മില്‍ സീറ്റിനായി തര്‍ക്കങ്ങളും മുറുകി. വടകരയില്ലെങ്കില്‍ കോഴിക്കോട് വേണമെന്ന് ജനതാദളുകള്‍ സിപിഎമ്മിനോട്...

തിരുവനന്തപുരം: ഇടത് മുന്നണിയില്‍ സീറ്റിന് വേണ്ടി ജനതാദളുകള്‍ തമ്മില്‍ പോര്. കോട്ടയം ലഭിക്കില്ലെന്നായതോടെ വടകര ലക്ഷ്യമിട്ട് ജനതാദള്‍ എസ് രംഗത്തെത്തിയതോടെ ഇരുപാര്‍ട്ടികളുടെയും നോട്ടം ഒരേ സീറ്റിലേക്കായി. ഇടതുമുന്നണിയില്‍ തിരിച്ചെത്തിയ എല്‍ജെഡി വടകര സീറ്റിനായി നേരത്തേ അവകാശവാദമുന്നയിച്ചിരുന്നു. 

പാര്‍ലമെന്‍റ് മണ്ഡലം കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് പരസ്യമായി ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ച ജെഡിഎസ് ഇത്തവണ ആ സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് ലഭിക്കുമെന്ന സൂചന ലഭിച്ചതോടെ മറ്റൊരു സീറ്റിനായി രംഗത്തെത്തിയിരിക്കുകയാണ്. 

പാര്‍ട്ടി ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുണ്ടെന്ന് സി കെ നാണു എംഎല്‍എ പറഞ്ഞു. വടകര തന്നെയാണ് ലക്ഷ്യമിടുന്നത്. വടകരയില്‍ തങ്ങള്‍ക്ക് അരലക്ഷത്തോളം വോട്ടുണ്ടെന്നും സീറ്റ് വേണമെന്നുമാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ എല്‍‍ജെഡി അവകാശപ്പെടുന്നത്. എന്നാലവര്‍ക്ക് നല്‍കിയ രാജ്യസഭാ സീറ്റ് കൊണ്ട് തൃപ്തിപ്പെടണമെന്നാണ് ജെഡിഎസിന്റെ വാദം. 

വടകരയില്‍ സി കെ നാണുവിനെ സ്ഥാനാര്‍‍ത്ഥിയാക്കാനാണ് ജെഡിഎസ് ആലോചിക്കുന്നത്. ജെഡിഎസ് സ്ഥാനാര്‍ത്ഥി  മത്സരിച്ചാല്‍ എല്‍ജെഡി കാലുവാരുമെന്ന ഭിഷണിയുള്ളതിനാല്‍ തര്‍ക്കം മുതലെടുത്ത് സിപിഎം തന്നെ സ്ഥാനാര്‍ത്ഥിയെ  നിര്‍ത്തിയേക്കും. വടകരയില്ലെങ്കില്‍ കോഴിക്കോട് നല്‍കണമെന്നാണ് രണ്ടു ജനതാദള്‍ പാര്‍ട്ടികളും  സിപിഎമ്മിനോടാവശ്യപ്പെട്ടിരിക്കുന്നത്. ജനതാദളുകള്‍ തമ്മില്‍ ലയിക്കണമെന്ന സിപിഎമ്മിന്റെ നിര്‍ദ്ദേശം  നടപ്പാക്കിയിരുന്നുവെങ്കില്‍ ഇത്തരമൊരു തര്‍ക്കം ഉണ്ടാകില്ലായിരുന്നുവെന്ന് സിപിഎം നേതാക്കളും ചൂണ്ടിക്കാട്ടുന്നു. 
 

click me!