Latest Videos

വന്‍ പരാജയമാണ് മോദി, വീണ്ടും അധികാരത്തിലെത്താൻ സാധ്യത കുറവാണെന്ന് ജിഗ്നേഷ് മേവാനി

By Web TeamFirst Published Nov 30, 2018, 8:59 AM IST
Highlights

31 ശതമാനം വോട്ടാണ് ബിജെപിക്കും എൻഡിഎക്കും 2014 ൽ കിട്ടിയത്. 69 ശതമാനം പേർ അവർക്ക് വോട്ട് ചെയ്തില്ല. കർഷക ആത്മഹത്യ, നാണ്യപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ ഇവ കാരണം ഇവർ ഇത്തവണയും ബിജെപിക്ക് വോട്ട് ചെയ്യില്ല

അഹമ്മദാബാദ്: രാഷ്ട്രീയമായ യോജിപ്പുകൾക്ക് അപ്പുറം വ്യക്തമായ നിലപാടുകളോടെയാകണം മഹാസഖ്യം രൂപപ്പെടേണ്ടതെന്ന് ഗുജറാത്തിൽ നിന്നുള്ള എംഎൽഎയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി. ജനങ്ങളുടെ മഹാസഖ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുമെന്നും മേവാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൊതു തെരഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന് പറയാൻ ആയിട്ടില്ല. 31 ശതമാനം വോട്ടാണ് ബിജെപിക്കും എൻഡിഎക്കും 2014 ൽ കിട്ടിയത്. 69 ശതമാനം പേർ അവർക്ക് വോട്ട് ചെയ്തില്ല. കർഷക ആത്മഹത്യ, നാണ്യപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ ഇവ കാരണം ഇവർ ഇത്തവണയും ബിജെപിക്ക് വോട്ട് ചെയ്യില്ല.

നോട്ട് നിരോധനവും വികലമായ ജിഎസ്ടിയും കാരണം അവർക്ക് കിട്ടിയിരുന്ന വോട്ടും ഇത്തവണ ലഭിക്കില്ല. മതേതര ജനാധിപത്യം സമത്വം അടക്കം ഭരണഘടന ഉറപ്പ് നൽകുന്ന കാര്യങ്ങളാണ് നമ്മൾ സംസാരിക്കുന്നത്. നമ്മൾ തൊഴിലിനെ കുറിച്ചും കർഷക ആത്മഹത്യയെകുറിച്ചും സംസാരിക്കുമ്പോൾ അവർ പശുവിനെകുറിച്ചും ഖബർസ്ഥാനെകുറിച്ചും മറ്റുമാണ് സംസാരിക്കുന്നത്.

പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു. വെറും പാഴ് വാക്കുകൾ അല്ലാതെ ഒന്നും ചെയ്യുന്നില്ല. വൻ പരാജയമാണ് മോദി. അവർ വീണ്ടും അധികാരത്തിലെത്താൻ സാധ്യത കുറവാണെന്നും മേവാനി വ്യക്തമാക്കി. എല്ലാവരും ചേർന്ന് മഹാസഖ്യം രൂപീകരിക്കുന്നത് നല്ലത് തന്നെ.

ബിജെപിയെ തോൽപ്പിക്കുക എന്നതിനപ്പുറം എല്ലാ ജനങ്ങൾക്കും ഉപകാരപ്രദമായ ഒരു അജണ്ട മുന്നോട്ട് വയ്ക്കാൻ അവർക്കാകണം. നിയമസഭാ തെരഞ്ഞെടുപ്പികളിലെ വിഷയങ്ങളല്ല ലോക്സഭാ തെഞ്ഞെടുപ്പിൽ ചർച്ചയാവുക. സാഹചര്യം മാറും. അത് കൊണ്ട് ഈ തെരഞ്ഞെടുപ്പിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ചൂണ്ടുപലകയായി കാണാനാവില്ല.

ദളിത്-പിന്നോക്ക-കർഷക വിഭാഗങ്ങളുടെ യോജിപ്പിനാണ് പ്രാധാന്യം നൽകുന്നത്. ഇതിലൂടെ രാഷ്ട്രീയ മാറ്റവും സാധ്യമാകും. വെറും വാക്കുകളല്ലാതെ പ്രധാനമന്ത്രി ഒന്നും ചെയ്തില്ല. മോദിയെ തിരുത്താൻ കാത്തിരിക്കുകയാണ് ജനങ്ങൾ. പുരോഗമനപരമായ ആശയങ്ങളും പദ്ധതികളുമായാണ് മഹാസഖ്യം രൂപപ്പെടേണ്ടത്. രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ മഹാസഖ്യം സാധ്യമാകുമെന്നും അതായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഗതി നിർണയിക്കുകയെന്നും മേവാനി അഭിപ്രായപ്പെട്ടു.

"

click me!