അന്ന് ചായ് പേ, ഇന്ന് അഞ്ച് രൂപയ്ക്ക് പ്രധാനമന്ത്രിയെ കാണാം; തെരഞ്ഞെടുപ്പ് തന്ത്രവുമായി ബി ജെ പി

Published : Nov 29, 2018, 01:57 PM ISTUpdated : Nov 29, 2018, 02:43 PM IST
അന്ന് ചായ് പേ, ഇന്ന് അഞ്ച് രൂപയ്ക്ക് പ്രധാനമന്ത്രിയെ കാണാം; തെരഞ്ഞെടുപ്പ് തന്ത്രവുമായി ബി ജെ പി

Synopsis

പ്രധാനമന്ത്രിയുടെ ആപ്പായ നമോയിലൂടെ അഞ്ച് രൂപ മുതല്‍ ബിജെപിക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് നരേന്ദ്രമോദിയെ കാണാന്‍ അവസരവുമായി ബിജെപി.  നമോയിലൂടെ അഞ്ച് രൂപ മുതല്‍ ആയിരം രൂപവരെയാണ് സംഭാവന ചെയ്യാന്‍ സാധിക്കുക

ദില്ലി: പ്രധാനമന്ത്രിയുടെ ആപ്പായ നമോയിലൂടെ അഞ്ച് രൂപ മുതല്‍ ബിജെപിക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് നരേന്ദ്രമോദിയെ കാണാന്‍ അവസരവുമായി ബിജെപി.  നമോയിലൂടെ അഞ്ച് രൂപ മുതല്‍ ആയിരം രൂപവരെയാണ് സംഭാവന ചെയ്യാന്‍ സാധിക്കുക. ഇത്തരത്തില്‍ സംഭാവന നല്‍കുമ്പോള്‍ ലഭിക്കുന്ന കോഡ് ഇമെയില്‍,എസ്എംഎസ്, വാട്ട്സ്ആപ്പ്  ആയോ അയച്ച് നല്‍കണം. ഇതിനൊപ്പം സംഭാവന നല്‍കിയവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. 

സംഭാവന നല്‍കുമ്പോള്‍ ലഭിക്കുന്ന റഫറല്‍ കോഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പ്രധാനമന്ത്രിയെ കാണാന്‍ അവസരമുണ്ടാവുകയെന്നാണ് ബി ജെ പി  വക്താവ് അറിയിച്ചത്.  പ്രധാനമന്ത്രിയുമായി സാധാരണക്കാര്‍ക്കുള്ള അടുപ്പം ഊട്ടിയുറപ്പിക്കാനുള്ള  ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് ബിജെപി വിശദമാക്കുന്നു. 

തങ്ങളുടെ ആപ്പ് ഉപയോഗിച്ച് പത്തുപേരില്‍ അധികം ആളുകളെക്കൊണ്ട് സംഭാവന നല്‍കുന്നവര്‍ക്ക് മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. നമോ ആപ്പില്‍ ലഭ്യമായ ടീ ഷര്‍ട്ടുകളും കോഫി മഗ്ഗുകളുമാണ് ഇവരെ കാത്തിരിക്കുന്നത്. 

2019 ലെ തെരഞ്ഞെടുപ്പിന് വേണ്ട ധനസമാഹരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ബിജെപി വക്താക്കള്‍ പ്രതികരിക്കുന്നത്. പ്രധാനമന്ത്രിക്ക് സാധാരണക്കാര്‍ക്കിടയിലുള്ള പ്രശസ്തി വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കത്തെ വിലയിരുത്തുന്നത്. നേരത്തെ ഈ സംവിധാനം ബിജെപിയുടെ വെബ്സെറ്റില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. 

PREV
click me!