തൃശൂരില്‍ സിപിഐക്ക് പുതിയ സ്ഥാനാര്‍ത്ഥി, കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം, പ്രതാപനും ചാക്കോയും രംഗത്ത്

By Web TeamFirst Published Dec 18, 2018, 2:51 PM IST
Highlights

തൃശ്ശൂരിൽ സിറ്റിംഗ് എംപി സിഎൻ. ജയദേവന് ഇത്തവണ സീറ്റ്‌ ഉണ്ടാകില്ല. പകരം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെപി രാജേന്ദ്രനെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് സിപിഐ. അതേസമയം മുതിർന്ന നേതാക്കളും പുതുമുഖങ്ങളും ഒരു പോലെ യുഡിഫിൽ തൃശൂർ സീറ്റിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.

തൃശ്ശൂര്‍: തൃശ്ശൂരിൽ സിറ്റിംഗ് എംപി സിഎൻ ജയദേവന് ഇത്തവണ സീറ്റ്‌ ഉണ്ടാകില്ല. പകരം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെപി രാജേന്ദ്രനെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് സിപിഐ. അതേസമയം യുഡിഫിൽ മുതിർന്ന നേതാക്കളും പുതുമുഖങ്ങളും ഒരു പോലെ തൃശൂർ സീറ്റിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.

സിറ്റിംഗ് സീറ്റിൽ ഇത്തവണ മുതിർന്ന നേതാവിനെ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐ.  നിലവിലെ എംപിയെക്കാൾ കൂടുതൽ ജനകീയ മുഖം വേണമെന്ന ആലോചനയാണ് കെപി രാജേന്ദ്രന് അവസരം ഒരുങ്ങുന്നത്. സിപിഐയുടെ ശക്തി കേന്ദ്രമായ തൃശ്ശൂരിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളും ഇപ്പോള്‍ രാജേന്ദ്രന് അനുകൂലമാണ്. 

മന്ത്രിയായും സിപിഐ നിയമസഭാ കക്ഷി നേതാവായും തിളങ്ങിയിട്ടുള്ള കെപി രാജേന്ദ്രന്റെ പാർലമെന്ററി രാഷ്രീയത്തിലേക്കുള്ള തിരിച്ചുവരവാകും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ തീരുമാനം ആയില്ലെന്നും യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ടെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. 

കഴിഞ്ഞ തവണ ചാലക്കുടിയും തൃശ്ശൂരും സ്ഥാനാർത്ഥികൾ സീറ്റുകൾ വെച്ചുമാറി മത്സരിച്ച്, രണ്ടിടത്തും തോറ്റതിന്റെ നാണക്കേട് യുഡിഫിന് ഇപ്പോഴുമുണ്ട്. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കു പ്രകാരം തൃശൂർ ലോകസഭാ മണ്ഡലത്തിൽ ഇടതു മുന്നണിക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ഇപ്പോഴുള്ളത്. അത് മറികടക്കാൻ പറ്റുന്ന സ്ഥാനാർഥിയെ കണ്ടെത്തുക എന്ന വെല്ലുവിളിയാണ് യുഡിഫിന്‍റെ പ്രധാന പ്രശ്നം.

ഡിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ് മത്സരിക്കാൻ തയ്യാറെടുക്കുന്ന ടിഎൻ പ്രതാപന് ചാലക്കുടിയില്ലെങ്കിൽ നോട്ടം തൃശൂരാണ്. എഐസിസി നടത്തിയ സർവേയിലും പ്രതാപൻന്റെ പേരുണ്ട്. മുതിർന്ന നേതാക്കൾക്കും തൃശ്ശൂരിൽ കണ്ണുണ്ട്. എന്നാൽ മണ്ഡലത്തിന് പുറത്തുള്ളവരെ ഇനി പിന്തുണയ്ക്കില്ലെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.

തൃശ്ശൂരില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന തൃശ്ശൂര്‍ രൂപതയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. മുന്‍ എംപി പിസി ചാക്കോക്കും തൃശ്ശൂരിനേക്കാള്‍ താത്പര്യം ചാലക്കുടിയാണ്. അതിനാല്‍ തന്നെ കഴിഞ്ഞ തവണത്തെപ്പോലുള്ള ഒത്തു തീര്‍പ്പുകള്‍ ഇത്തവണയും ഉണ്ടായിക്കൂടെന്നില്ല. തൃശൂര്‍ രൂപതയുടെ കൂടി പിന്തുണയോടെ ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി കോടന്‍കണ്ടത്തും സീറ്റിനായി ശ്രമിക്കുന്നുണ്ട്. അതിനാല്‍ തന്നെ സാമുദായിക പരിഗണനയും തൃശൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രധാന ഘടകമാകും.

click me!