ചാലക്കുടിയിൽ മത്സരിയ്ക്കും; 2014ൽ പാർട്ടിയ്ക്ക് പറ്റിയ തെറ്റ് തിരുത്തും: കെപി ധനപാലൻ

By Web TeamFirst Published Feb 14, 2019, 7:17 PM IST
Highlights

ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കാനുള്ള സാഹചര്യമുണ്ട്. തന്‍റെ സ്ഥാനാർത്ഥിത്വത്തിനാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും കെപി ധനപാലൻ

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപ്പര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി കെപി ധനപാലൻ. അണികളുടെ താൽപ്പര്യവും തനിക്കൊപ്പമാണെന്ന് കെപി ധനപാലൻ പറഞ്ഞു. 

കോൺഗ്രസ് നേതൃത്വം ആര് മത്സരിക്കണമെന്ന് തീരുമാനിച്ചില്ലെങ്കിലും ചാലക്കുടിയിൽ താൻ തന്നെയാകും സ്ഥാനാർത്ഥിയെന്ന പ്രതീക്ഷയിലാണ് മുൻ എംപിയും കോൺഗ്രസ് നേതാവുമായ കെപി ധനപാലൻ. 2009ൽ 72,000 ലേറെ വോട്ടുകൾക്ക് താൻ വിജയിച്ച മണ്ഡലമാണ് ചാലക്കുടി. ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കാനുള്ള സാഹചര്യമുണ്ട്. തന്‍റെ സ്ഥാനാർത്ഥിത്വത്തിനാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും യുഡിഎഫിന്‍റെ വിജയത്തിനായുള്ള പ്രവർത്തനം തുടങ്ങിയതായും ധനപാലൻ വ്യക്തമാക്കുന്നു. 

2014ലെ ലോക സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി സിറ്റിംഗ് സീറ്റിൽ നിന്ന് പിസി ചാക്കോയ്ക്ക് വേണ്ടിയാണ് ധനപാലൻ തൃശൂരിലേക്ക് മാറിയത്. അതോടെ തൃശൂരും ചാലക്കുടിയും നഷ്ടമായി. ആ തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീട് പല നേതാക്കളും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ധനപാലൻ പറഞ്ഞു. 

ചാലക്കുടിയിൽ ധനപാലൻ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ടി എൻ പ്രതാപന്‍റെയും യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാന്‍റെ പേരുകൾ നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

click me!