സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും പ്രചാരണം സജീവമാക്കി ഇടുക്കി എംപി ജോയ്സ് ജോർജ്

By Web TeamFirst Published Feb 20, 2019, 6:12 AM IST
Highlights

അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ വിവരിച്ച് മണ്ഡലത്തിലുടനീളം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചാണ് പ്രചാരണം. എന്നാൽ, വികസനം ഫ്ലക്സിൽ മാത്രമാണെന്നാണ് പ്രതിപക്ഷ വിമർശനം

ഇടുക്കി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണം സജീവമാക്കി ഇടുക്കി എംപി ജോയ്സ് ജോർജ്. അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ വിവരിച്ച് മണ്ഡലത്തിലുടനീളം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചാണ് പ്രചാരണം. എന്നാൽ വികസനം ഫ്ലക്സിൽ മാത്രമാണെന്നാണ് പ്രതിപക്ഷ വിമർശനം.

ഇടുക്കി ജില്ലയിലെ പ്രധാന കവലകളിലും നാലാൾ കൂടുന്നിടത്തുമെല്ലാം ജോയ്സ് ജോർജ് എംപി നിറഞ്ഞ് നിൽക്കുകയാണ്. അഞ്ച് വർഷത്തിനിടെ 4,750 കോടി രൂപ ചെലവിട്ട് മണ്ഡലത്തിൽ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളാണ് ഫ്ലക്സ് ബോർഡുകളിൽ. വികസന നേട്ടങ്ങൾ വിവരിച്ച് പുസ്കവും അച്ചടിച്ചിട്ടുണ്ട്. എന്നാൽ ജില്ലയിൽ പ്രളയദുരിതാശ്വാസം പോലും ലഭ്യമാക്കുന്നതിൽ പരാജയമായ എംപിയുടെ വികസന പ്രവർ‍ത്തനങ്ങൾ പൊള്ളയാണെന്നാണ് പ്രതിപക്ഷ ആരോപണം.

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും വലിയ അടിയൊഴുക്കുണ്ടായില്ലെങ്കിൽ ജോയ്സ് ജോർജിന് എൽഡിഎഫ് ഇടുക്കിയിൽ രണ്ടാമൂഴം നൽകുമെന്നാണ് കരുതുന്നത്. അതേസമയം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ ധാരണയിലെത്തിൽ യുഡിഎഫിനായിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥി. രണ്ടാംസീറ്റ് ആവശ്യപ്പെട്ട കേരള കോൺഗ്രസ് എമ്മിന്‍റെ കടുത്ത നിലപാടാണ് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയം പ്രതിസന്ധിയിലാക്കുന്നത്.

click me!