
ചെന്നൈ: തമിഴ്നാട്ടിൽ യുപിഎക്കെതിരെ മഹാസഖ്യം രൂപീകരിച്ച് ബിജെപി. അണ്ണാഡിഎംകെ ബിജെപി സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും. കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായിരുന്ന പിഎംകെ, ഡിഎംഡികെ പാർട്ടികളും സഖ്യത്തിന്റെ ഭാഗമാകും
പ്രതിപക്ഷ സഖ്യത്തിന് എതിരെ പിഎംകെ, ഡിഎംഡികെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായകക്ഷി പാർട്ടികൾ ബി ജെ പിക്കും അണ്ണാ ഡിഎംകെയ്ക്കും ഒപ്പം കൈകോർത്തു. 5 സീറ്റുകളിൽ ബിജെപി മത്സരിക്കും. ഏഴ് സീറ്റുകൾ എസ്. രാംദോസിന്റെ പാട്ടാളി മക്കൾ കക്ഷിക്ക് നൽകി. 5 മണ്ഡലങ്ങൾ ആവശ്യപ്പെടുന്ന ഡിഎംഡികെയുമായി ചർച്ച തുടരുകയാണ്. തമിഴ് മാനില കോൺഗ്രസ് ഉൾപ്പെടയുള്ള ചില കക്ഷികൾക്ക് പാർലമെന്റ് സീറ്റ് നൽകില്ല, പകരം 21 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ പരിഗണിക്കും.
ജയലളിതയുടെ നേതൃത്വത്തിൽ 2014ൽ 37 സീറ്റുകൾ വിജയിച്ച അണ്ണാഡിഎംകെ 21 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തും. ആഴ്ചകളോളം നീണ്ട കൂടിക്കാഴ്ചകൾക്ക് ഒടുവിലാണ് സഖ്യ തീരുമാനം. എൻ ഡി എ യുടെ ഭാഗമെങ്കിലും സംസ്ഥാനത്തെ പ്രമുഖ പാർട്ടിയെന്ന നിലയിൽ അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലാകും പ്രചാരണം. തമ്പിദുരൈ അടക്കം ഒരു വിഭാഗം നേതാക്കളുടെ എതിർപ്പ് മറികടന്നാണ് സഖ്യ പ്രഖ്യാപനം.
ജയലളിതയുടെ വിയോഗത്തോടെ നേതൃത്വം കൈയ്യടക്കിയ ഇപിഎസ് ഒപിഎസ് പക്ഷങ്ങൾക്ക് മേൽ എൻഫോഴ്സ്മെന്റ് കേസുകൾ അടക്കം ഉയർത്തിക്കാട്ടിയുള്ള സമ്മർദങ്ങളോടെ നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയാറായെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ബി ജെ പി- അണ്ണാ ഡിഎംകെ സഖ്യമായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ൽ എല്ലാ സീറ്റും തോറ്റിരുന്നു.