തെരഞ്ഞെടുപ്പിന് മുമ്പുള്ള വെട്ട്; പ്രതിസന്ധിയില്‍ എൽഡിഎഫ്, മറുപടി പറയേണ്ടത് 21 രാഷ്ട്രീയക്കൊലകൾക്ക്

By Web TeamFirst Published Feb 18, 2019, 6:59 PM IST
Highlights

വടക്കുനിന്നും തെക്കുനിന്നും ജാഥകൾ തുടങ്ങി പാർലമെന്‍റ് തെരഞ്ഞെടപ്പിനുള്ള അനുകൂല രാഷ്ട്രീയസാഹചര്യം ഒരുക്കുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് ചർച്ചകൾ വഴിമാറുന്നത്. 

തിരുവനന്തപുരം: കാസർകോട്ടെ കൊലപാതകങ്ങളോടെ പ്രതിരോധത്തിലായി ഇടതുമുന്നണി . അക്രമത്തെ സിപിഎം സംസ്ഥാന സെക്രട്ടറി അപലപിച്ചെങ്കിലും രാഷ്ട്രീയ പ്രത്യാഘാതം മറികടക്കാനുള്ള വഴികൾ തേടി വിയർക്കുകയാണ് പാർട്ടി. മുഖ്യമന്ത്രി എകെജി സെന്‍ററിലെത്തി ഒരു മണിക്കൂർ ചർച്ച നടത്തി.

വടക്കുനിന്നും തെക്കുനിന്നും ജാഥകൾ തുടങ്ങി പാർലമെന്‍റ് തെരഞ്ഞെടപ്പിനുള്ള അനുകൂല രാഷ്ട്രീയസാഹചര്യം ഒരുക്കുന്നതിനിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് ചർച്ചകൾ വഴിമാറുന്നത്. ജാഥ തന്നെ ഒരു ദിവസം നിർത്തിവച്ചു. എതിർപക്ഷത്തെ കടന്നാക്രമിച്ച് മുന്നേറിയ കോടിയേരിക്കും കാനത്തിനും ഇനി രാഷ്ട്രീയ അക്രമങ്ങൾക്ക് സമാധാനം പറഞ്ഞ് പ്രതിരോധത്തിലൂന്നേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.  

സർക്കാരിന്‍റെ 1000 ദിവസം ആഘോഷിച്ച് ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നത്  തൽക്കാലം ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. മുന്നണി നേരിടുന്ന പ്രശ്നം, ഗുരുതരമായ രാഷ്ട്രീയ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി നേരിട്ട് എകെ ജി സെന്‍ററിലെത്തി. കോടിയേരിയുമായുള്ള ചർച്ച ഒരു മണിക്കൂർ നീണ്ടുനിന്നു.

പ്രതിപക്ഷത്തിന് ആയുധം ഇട്ടുകൊടുത്തതിലുള്ള എതിർപ്പ് സിപിഐയും മറച്ചുവയ്ക്കുന്നില്ല. ച‍ർച്ച അക്രമരാഷ്ട്രീയത്തിലേക്ക് മാറുമ്പോൾ സർക്കാർ സമാധാനം പറയേണ്ടി വരുക ഇടതുസർക്കാരിന്‍റെ കാലത്തെ 21 രാഷ്ട്രീയ കൊലപാതകങ്ങൾക്കാണ്. ഇതിൽ 12 പേർ ബിജെപിക്കാരാണ്. ഒരു സിപിഎം വിമതൻ. 3 കോൺഗ്രസുകാർ. 3 സിപിഎമ്മുകാർ , 2 മുസ്ലിം ലീഗുകാർ എന്നിങ്ങനെയാണ് കൊലക്കത്തിക്ക് ഇരായവരുടെ രാഷ്ട്രീയം. ഏറ്റവും കൂടുതൽ  പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത് കണ്ണൂരാണ്. 10 പേരാണ് കണ്ണൂരില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

click me!