അടിപിടിയും തമ്മിൽ തല്ലും; മോദി വന്ന് പോയിട്ടും തെരഞ്ഞെടുപ്പ് ചൂടില്ലാതെ സംസ്ഥാന ബിജെപി

Published : Jan 29, 2019, 09:36 AM ISTUpdated : Jan 29, 2019, 10:44 AM IST
അടിപിടിയും തമ്മിൽ തല്ലും; മോദി വന്ന് പോയിട്ടും തെരഞ്ഞെടുപ്പ് ചൂടില്ലാതെ സംസ്ഥാന ബിജെപി

Synopsis

രണ്ടാഴ്ചക്കിടെ രണ്ട് തവണ നരേന്ദ്ര മോദി വന്നിട്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്താതെ സംസ്ഥാന ബിജെപി. ബിഡിജെഎസുമായി സീറ്റ് തർക്കം തീർന്നില്ല, എ പ്ലസ് മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒന്നിലേറെ നേതാക്കളുടെ അവകാശ വാദം. 

തിരുവനന്തപുരം: രണ്ടാഴ്ചക്കിടെ രണ്ട് തവണയാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്നത്. ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ച് മോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട ശബരിമല തന്നെയെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ ശബരിമല എന്ന സുവർണാവസരം മുന്നിലുണ്ടായിട്ടും സംസ്ഥാന ബിജെപിയിൽ പക്ഷെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചൂട് പിടിച്ചിട്ടില്ല.

സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും അവ്യക്തത തുടരുകയാണ്. പ്രധാനഘടകകക്ഷി ബിഡിജെഎസ്സുമായുള്ള സീറ്റ് വിഭജന തർക്കമാണ് ഒരു പ്രശ്നം. ആറ് ചോദിച്ചെങ്കിലും പരമാവധി നാല് സീറ്റേ കൊടുക്കാൻ കഴിയൂ എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. നാളെ ചേരുന്ന ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി തർക്കം ചർച്ച ചെയ്യും. 

പാർട്ടി ഏറെ ജയസാധ്യത കല്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നിലേറെ നേതാക്കൾ സ്ഥാനാർത്ഥികളാകാൻ രംഗത്തുണ്ട്. തൃശൂരിൽ കെ സുരേന്ദ്രനെ വേണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. എഎൻ രാധാകൃഷ്ണൻ പക്ഷെ പിന്നോട്ടില്ല. എംടി രമേശ് പത്തനംതിട്ട ആഗ്രഹിക്കുന്നുണ്ടെങ്കിലും ശബരിമല കർമസമിതി കെപി ശശികലയുടെ പേര് മുന്നോട്ട് വെക്കുന്നു. തിരുവനന്തപുരം എല്ലാ നേതാക്കളും ആഗ്രഹിക്കുന്നു. ആറ്റിങ്ങലിൽ ടിപി സെൻകുമാറിനെ ഏറക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ പത്മാപുരസ്ക്കാരം നേടിയ നമ്പി നാരായണനെതിരായ സെൻകുമാറിന്റെ വിമർശനം സെൻകുമാറിന്റെ സാധ്യതക്ക് മങ്ങലേല്പിച്ചു. 

 മെല്ലെപ്പോക്കിലും തണുപ്പൻ രീതിക്കും കാരണം സംസ്ഥാന നേതൃത്വം തന്നെയാണെന്ന വിമർശനം മുരളീധരപക്ഷം ഉന്നയിക്കുന്നു. മോദിയെ മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ കടന്നാക്രമിച്ചിട്ടും  സംസ്ഥാന നേതൃത്വം കാര്യമായി പ്രതിരോധിക്കുന്നില്ലെന്നാണ് ആക്ഷേപം. മാധ്യമ ചർച്ചകളിൽ പങ്കെടുക്കാൻ പാർട്ടി പ്രതിനിധികൾക്ക് നേതൃത്വം ഏ‌ർപ്പെടുത്തിയ വിലക്ക് തുടരുന്നതും പാർട്ടിക്കാണ് ക്ഷീണമുണ്ടാക്കുന്നതെന്ന അഭിപ്രായവും വലിയൊരു വിഭാഗം നേതാക്കൾക്കിടയിലുണ്ട്.

PREV
click me!