കൊല്ലം പിടിക്കാന്‍ ബിജെപി ഇറക്കുന്നത് സുരേഷ് ഗോപിയെ? കളം പിടിക്കാന്‍ ആരൊക്കെ?!

By Web TeamFirst Published Dec 12, 2018, 10:14 AM IST
Highlights

 സെമിഫൈനല്‍ കഴിഞ്ഞു, കോണ്‍ഗ്രസിന് ആശ്വാസം പകരുന്നുണ്ട് 'ഹിന്ദി ഹൃദയഭൂമി'യിലെ തെരഞ്ഞെടുപ്പ് ഫലം. ഇനി ഫൈനലാണ്..  2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 

കൊല്ലം:  സെമിഫൈനല്‍ കഴിഞ്ഞു, കോണ്‍ഗ്രസിന് ആശ്വാസം പകരുന്നുണ്ട് 'ഹിന്ദി ഹൃദയഭൂമി'യിലെ തെരഞ്ഞെടുപ്പ് ഫലം. ഇനി ഫൈനലാണ് 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്തു വിലകൊടുത്തും  സീറ്റ് പിടിക്കാന്‍ ഒരുങ്ങുന്ന ബിജെപിയ്ക്കും  സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ഒപ്പം തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ മത്സരം കൊഴുപ്പിക്കുന്നത്.

അതേസമയം കൊല്ലം ലോക്സഭാ മണ്ഡലം പിടിക്കാൻ സുരേഷ് ഗോപിയെ ബിജെപി രംഗത്ത് ഇറക്കിയേക്കും എന്നതാണ് പുതിയ വിവരം. അറിയപ്പെടുന്ന മുഖങ്ങളെ പരമാവധി അണിനിരത്തുകയാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം. സുരേഷ് ഗോപിയെ കൊല്ലത്ത് രംഗത്ത് ഇറക്കാൻ ആലോചിക്കുമ്പോൾ പക്ഷെ അതുമാത്രമല്ല ബിജെപിയുടെ കണക്കുകൂട്ടൽ. സിനിമാ താരം മാത്രമല്ല, നായർ വോട്ടുകൾ നിർണായക സ്വാധീനമുള്ള മണ്ഡലത്തിലെ സമുദായ സമവാക്യങ്ങളും സുരേഷ് ഗോപിക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ. സുരേഷ് ഗോപിയോട് അടക്കം പാർട്ടിയിൽ ഇതുസംബന്ധിച്ച പ്രാരംഭ ചർച്ച നടക്കുകയാണ്.

ഇതുവരെ ദയനീയ പ്രകടനമാണ് കൊല്ലത്ത് ബിജെപിയുടേയത്. എൻകെ പ്രേമചന്ദ്രൻ എം എ ബേബിയെ കഴിഞ്ഞതവണ 38000ത്തോളം വോട്ടിന് പരാജയപ്പെടുത്തിയപ്പോൾ ബിജെപിയുടെ വേലായുധന് വെറും 59000 വോട്ടാണ് കിട്ടിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ താരമൂല്യം സ്ഥിതിമാറ്റുമെന്നാണ് വിലയിരുത്തൽ.

രണ്ട് തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം ഒരുങ്ങുമ്പോൾ പ്രധാന പേര് കെ എൻ ബാലഗോപാലിന്‍റെതാണ്. പാർട്ടി മുൻ ജില്ലാ സെക്രട്ടറിയെ മൽസരിപ്പിക്കുമ്പോൾ പരമ്പരാഗത ഇടതുമുന്നണി വോട്ടുകൾ ഉറപ്പിക്കാം. ഒപ്പം എൻഎസ്എസ് നേതൃത്വവുമായി അടുപ്പമുള്ള കുടുബബന്ധങ്ങൾ ബാലഗോപാലിന് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ.

അത്യന്തം നാടകീയമായാണ് കഴിഞ്ഞ തവണ മുന്നണി മാറി എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയായതും ജയിച്ചതും. സുരേഷ് ഗോപിയും കെ എൻ ബാലഗോപാലും ഇത്തവണ പ്രേമചന്ദ്രന് എതിരെ പോരിന് ഇറങ്ങുമ്പോൾ ഇത്തവണയും മത്സരത്തിന് വാശി ഒട്ടും കുറയില്ല. 

click me!