2019-ൽ യൂത്ത് കോൺഗ്രസിൽ നിന്ന് ആർക്കൊക്കെ സീറ്റ് കിട്ടും? യുവപ്രാതിനിധ്യത്തിന് സമ്മർദ്ദം ശക്തം

By Abhilash G NairFirst Published Dec 9, 2018, 1:22 PM IST
Highlights

മുതിർന്ന നേതാക്കൾ പതിവായി സീറ്റുകൾ കൈവശം വയ്ക്കുന്ന രീതിയിൽ ഇത്തവണ മാറ്റം വേണമെന്നാണ് ആവശ്യമുയരുന്നത്. യൂത്ത് കോൺഗ്രസിന് ഇത്തവണ കൂടുതൽ പ്രാതിനിധ്യം വേണമെന്ന ശക്തമായ സമ്മർദ്ദം തന്നെയാണ് യുവനേതാക്കൾ ഉയർത്തുന്നത്. 

കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർഥികളായി കൂടുതല്‍ ചെറുപ്പക്കാർക്ക് അവസരം വേണമെന്ന നിലപാടുമായി യൂത്ത് കോൺഗ്രസ്. മുതിർന്ന നേതാക്കള്‍ പതിവായി കൈവശം വച്ചിരിക്കുന്ന സീറ്റുകളിലടക്കം ഇത്തവണ മാറ്റം വേണമെന്ന നിലപാട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോൺഗ്രസിലെ യുവനേതാക്കൾ മുന്നോട്ട് വയ്ക്കും.

‘’പാർട്ടിയ്ക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ലഭ്യമാകുന്ന അവസരങ്ങൾ, വിജയസാധ്യത പരിഗണിച്ചുകൊണ്ട്, സാധ്യമായ എല്ലാ സാഹചര്യങ്ങളും ഉപയോഗിച്ചുകൊണ്ട്, കൂടുതൽ ചെറുപ്പക്കാരെ സ്ഥാനാർഥികളാക്കണം എന്ന വലിയ സമ്മർദ്ദം ഞങ്ങൾ കഴിഞ്ഞ കുറച്ചുദിവസമായി ഉയർത്തിക്കൊണ്ടുവരികയാണ്.’’ യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്‍റ്  ഡീൻ കുര്യാക്കോസ് പറയുന്നു.

മുഴുവൻ സീറ്റുകളിലും യുവാക്കൾ വേണമെന്നുണ്ടോ എന്ന ചോദ്യത്തിന് ഡീനിന്‍റെ മറുപടി ഇങ്ങനെ – ‘’എല്ലാ സീറ്റുകളും യൂത്ത് കോൺഗ്രസിന് വേണമെന്നൊന്നും ഞങ്ങൾ പറയുന്നില്ലല്ലോ. ഏതെങ്കിലും ഒരു സീറ്റ് ഓപ്പണായാൽ, ഏതെങ്കിലും ചെറുപ്പക്കാരന് അവിടെ മത്സരിയ്ക്കാനുള്ള സാഹചര്യം ഒരുക്കപ്പെട്ടാൽ, അതിനോട് നേതൃത്വം കണ്ണടയ്ക്കരുതെന്നാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം.’’ 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥിനിർണയചർച്ചകൾ കോൺഗ്രസിൽ തുടങ്ങും മുമ്പേ ഒരു മുഴം നീട്ടി എറിയുകയാണ് കോൺഗ്രസിലെ യുവ നേതാക്കള്‍. സ്ഥിരമായി തോല്ക്കുന്ന സീറ്റുകൾ വച്ചു നീട്ടുന്ന പതിവ് പരിപാടിയ്ക്ക് പകരം മാന്യമായ പരിഗണനയാണ് ചെറുപ്പക്കാരായ നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇതിന് ഗ്രൂപ്പ് വ്യത്യാസമില്ല.

സംഘടനാ തെരഞ്ഞെടുപ്പിന്‍റെ പേരിൽ യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം വീണ്ടും തുടങ്ങിയെങ്കിലും സീറ്റിന്‍റെ കാര്യത്തിൽ  എല്ലാവരും ഒരുമിച്ചു നില്ക്കും . 

‘രാഹുൽ ശൈലി കേരളത്തിലും വേണം’

ചെറുപ്പക്കാർക്ക്  കൂടുതൽ അവസരം നൽകുന്ന രാഹുൽ ഗാന്ധിയുടെ ശൈലി സ്ഥാനാർഥി  നിർണയത്തിൽ കേരളത്തിലും വേണമെന്ന നിലപാടിലാണ് യുവ നേതൃത്വം. മുതിർന്ന നേതാക്കൾ പതിവായി കൈവശം വെക്കുന്ന ചാലക്കുടി, തൃശൂർ സീറ്റുകളിലടക്കം യുവ നേതാക്കൾ അവകാശവാദം ഉന്നയിക്കും. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന് ഇടുക്കി സീറ്റ് ലഭിച്ചുവെങ്കിലും ജയിക്കാനായില്ല.

ഇടുക്കിയിൽ താത്പര്യം പ്രകടിപ്പിച്ച് നിരവധി യുവനേതാക്കൾ ഇപ്പോൾത്തന്നെ മണ്ഡലത്തിൽ എത്തിക്കഴിഞ്ഞു. മണ്ഡലത്തിന് പുറത്തുള്ളവരെയും സ്നേഹത്തോടെ വാരിപ്പുണർന്ന് വിജയം നൽകിയ ചരിത്രമാണ് ഇടുക്കിയ്ക്കുള്ളത്. മാത്രമല്ല, ഇടുക്കി മണ്ഡലത്തിലെ ചില യുവനേതാക്കളും സീറ്റിനായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഡീന്‍ കുര്യാക്കോസും മാത്യു കുഴൽനാടനുമടക്കമുള്ളവരെ ഇടുക്കിയിലോ ചാലക്കുടിയിലോ നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും.
മുതിർന്ന നേതാവിന്‍റെ പിടിവാശി മൂലം കഴിഞ്ഞ തവണ ചാലക്കുടിയും തൃശൂരും നഷ്ടമായ സാഹചര്യം ആവർത്തിയ്ക്കാതിരിക്കാൻ പുതുമുഖ പരീക്ഷണം വേണമെന്നാണ് യുവനേതാക്കളുടെ ആവശ്യം. വടകരയും വയനാടുമടക്കമുള്ള മണ്ഡലങ്ങളിലും യുവനേതാക്കൾ അവസരം ആവശ്യപ്പെടും.
 

click me!