മധ്യപ്രദേശ് പോളിംഗ്ബൂത്തിലേക്ക്: ശിവ്‍രാജ് സിംഗ് ചൗഹാനോ ജ്യോതിരാദിത്യയോ? ജനവിധി ഇന്ന്

By Web TeamFirst Published Nov 27, 2018, 10:58 PM IST
Highlights

വാശിയേറിയ പോരാട്ടത്തിനൊടുവിൽ മധ്യപ്രദേശ് പോളിംഗ് ബൂത്തിലേക്ക്. പ്രചാരണത്തിന്‍റെ അവസാന ഘട്ടങ്ങളിൽ കോൺഗ്രസിന്‍റെ ആരോപണങ്ങൾക്ക് വിശദീകരണം നൽകാനാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമയം മാറ്റിവച്ചത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക.

ഭോപ്പാല്‍: വാശിയേറിയ പോരാട്ടത്തിനൊടുവിൽ മധ്യപ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പ്രചാരണത്തിന്‍റെ അവസാന ഘട്ടങ്ങളിൽ കോൺഗ്രസിന്‍റെ ആരോപണങ്ങൾക്ക് വിശദീകരണം നൽകാനാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമയം മാറ്റിവച്ചത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക.

ഗോദയിലെ താരങ്ങൾ ആരൊക്കെ?

തെരഞ്ഞെടുപ്പ് വേദിയിലെ ഏറ്റവും ജനപ്രിയതാരം കോൺഗ്രസിസിന്‍റെ ജ്യോതിരാദിത്യ സിന്ധ്യെ തന്നെ. ജ്യോതിരാദിത്യ ഗുണ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയാണ്. സ്ഥാനം രാജിവച്ച് മത്സരിയ്ക്കുന്നില്ലെങ്കിലും കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിയ്ക്കപ്പെടുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തന്നെയാണ്. അതുകൊണ്ടുതന്നെ, ഗ്വോളിയോർ രാജകുടുംബാംഗമായ ജ്യോതിരാദിത്യയെ എതിരിടാൻ 'ശിവ്‍രാജ് വേഴ്സസ് മഹാരാജ്' എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. 

മറ്റൊരു പ്രധാനസ്ഥാനാർഥി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരിയാണ്. യശോധരാ രാജെ സിന്ധ്യ. ശിവ്‍പുരി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയും, മധ്യപ്രദേശ് മന്ത്രിസഭയിലെ വാണിജ്യമന്ത്രിയും. എതിർപാളയത്തിലാണെങ്കിലും, രാജകുടുംബത്തിനെതിരെയുള്ള പ്രചാരണത്തിൽ തെല്ല് അതൃപ്തിയുണ്ട് യശോധരയ്ക്ക്. ബ്രാഹ്മണവോട്ടുകളെ ഈ മുദ്രാവാക്യം അകറ്റുമെന്നാണ് യശോധരയുടെ നിലപാട്. 

ഏറെ വിവാദമായ വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ് റായിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത് മധ്യപ്രദേശില്‍ ഏറെ ചര്‍ച്ചയായിരുന്നു. ശിവരാജ് സിംഗ് ചൗഹാൻ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വ്യാപം മെഡിക്കൽ പ്രവേശന അഴിമതി പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ് റായിക്ക് സീറ്റ് നൽകുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ആനന്ദ് റായിയെ ഒഴിവാക്കിയാണ് കോണ്‍ഗ്രസിന്‍റെ അവസാന സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറങ്ങിയത്. 

കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‍വിജയ് സിംഗ് ഉൾപ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇത്തവണ മത്സരിക്കുന്നില്ല. മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ മരുമകൻ സഞ്ജയ് സിംഗ് മസാനിക്ക് എതിർപാളയത്തിൽ, കോൺഗ്രസിനൊപ്പം മത്സരിയ്ക്കുകയാണ്. വരാസിയോണി മണ്ഡലത്തിലാണ് സ‍ഞ്ജയ് സിംഗ് മസാനിയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നൽകിയത്. ബി.ജെ.പിയുടെ സിറ്റിംഗ് എംഎൽഎ യോഗേന്ദ്ര നിര്‍മലിനെയാണ് ശിവരാജ് സിംഗിന്‍റെ മരുമകൻ കോണ്‍ഗ്രസ് ടിക്കറ്റിൽ എതിരിടുന്നത്.

ചരിത്രത്തിലാദ്യമായി ഒരു മുസ്ലീം വനിത ബിജെപി സ്ഥാനാർഥി!

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇത്തവണ ഒരു മുസ്ലീം വനിതയും ഇടംനേടിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. 15 വര്‍ഷത്തെ ചരിത്രം തിരുത്തി മുസ്ലീം സ്ഥാനാര്‍ത്ഥിയെ 2013-ൽ മത്സരിപ്പിച്ച ബി.ജെ.പി ഇത്തവണയും ഒരേയൊരു മുസ്ലീം സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ബിജെപി ഒരു മുസ്ലിം സ്ത്രീയ്ക്ക് സീറ്റ് നൽകുന്നത്. ഭോപ്പാൽ നോര്‍ത്ത് മണ്ഡലത്തിൽ ഫാത്തിമ റസൂൽ സിദ്ദിഖിയാണ് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുക. മുൻ ജനതാദൾ നേതാവ് റസൂൽ അഹ്‍മദ് സിദ്ദിഖിയുടെ മകളാണ് ഫാത്തിമ റസൂൽ സിദ്ദിഖി. മുതിർന്ന കോൺഗ്രസ് നേതാവ് ആരിഫ് അഖീലിനെയാണ് ബിഡിഎസ് വിദ്യാർഥിനിയായ ഫാത്തിമ എതിരിടുന്നത്. 1993-ൽ അച്ഛനെ തോൽപിച്ച ആരിഫ് അഖീലിനെ തോൽപിയ്ക്കാനായാൽ ഫാത്തിമയ്ക്ക് അത് ചരിത്രം കാത്തുവച്ച മധുരപ്രതികാരം കൂടിയാകും.

മുൻ മുഖ്യമന്ത്രി ബാബുലാൽ ഗോറിന് പകരം മകൾ കൃഷ്ണ ഗോറിനും ബി.ജെ.പി സീറ്റ് നൽകി. പല നേതാക്കളും മക്കൾക്കായി വലിയ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വിജയസാധ്യത നോക്കി മാത്രമായിരുന്നു ബി.ജെ.പിയുടെ സീറ്റ് നിര്‍ണയമെന്നാണ് വിലയിരുത്തപ്പെടുന്നത്. വർഷങ്ങൾ നീണ്ട ഭരണവിരുദ്ധവികാരം സംസ്ഥാനത്തുണ്ടെന്ന് ബിജെപി ഭയപ്പെടുന്നു. ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായിരുന്നെങ്കിലും അവസാനഘട്ടത്തിൽ ട്രെൻഡ് തകിടം മറിഞ്ഞതാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്. 

ലോക്സഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍റെ മകനും സീറ്റ് കിട്ടിയില്ല. അതേസമയം പാര്‍ട്ടിയിൽ സുമിത്ര മഹാജന്‍റെ എതിരാളിയായ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയുടെ മകൻ ആകാശ് വിജയ് വര്‍ഗീയക്ക് ഇൻഡോറിൽ സീറ്റ് നൽകിയിട്ടുണ്ട് ബിജെപി. 

click me!