
പനജി: ഗോവയില്‍ കനത്ത മത്സരം നടന്ന പനജി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ 716 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ബിജെപി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച ഉത്പല്‍ പരീക്കര്‍, ബിജെപി സ്ഥാനാര്‍ത്ഥി അതനാസിയോ ബാബുഷ് മോണ്‍സെരാറ്റക്കെതിരെ കടുത്ത മത്സരമാണ് കാഴ്‍ചവെച്ചത്. നേരീയ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കിലും തനിക്ക് സന്തോഷമില്ലെന്നായിരുന്നു അതനാസിയോ മോണ്‍സെരാറ്റയുടെ പ്രതികരണം.
നിരവധി ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്‍തിട്ടില്ലെന്ന് അതനാസിയോ മോണ്‍സെരാറ്റ ആരോപിച്ചു. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചിട്ടണ്ട്. അവര്‍ അത് പരിശോധിക്കും. ജനങ്ങളിലേക്ക് ശരിയായ സന്ദേശം എത്തിക്കാന്‍ ബിജെപി സംസ്ഥാന ഘടകത്തിനായില്ല. എല്ലാ ബിജെപി നേതാക്കളുമായും സമ്പര്‍ക്കത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്‍ടനല്ല. കടുത്ത ബിജെപി പ്രവര്‍ത്തകര്‍ പോലും ഉത്പലിന് വോട്ട് ചെയ്‍തു. അത് കാരണമാണ് അദ്ദേഹത്തിന് ഇത്രയധികം വോട്ടുകള്‍ ലഭിച്ചത്. ഗോവയില്‍ ബിജെപി തന്നെ അടുത്ത സര്‍ക്കാറുണ്ടാക്കുമെന്നും പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കള്‍ തന്നെ എതിര്‍ പ്രചാരണം നടത്തിയോ എന്ന ചോദ്യത്തിന് ജനങ്ങളിലേക്ക് ശരിയായ സന്ദേശം എത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ഥാനാര്‍ത്ഥിയാവാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന ഉത്പല്‍ പരീക്കറിനെ തഴഞ്ഞാണ് ബിജെപി, അതനാസിയോ മോണ്‍സെരാറ്റയെ സീറ്റിലേക്ക് പരിഗണിച്ചത്. മനോഹര്‍ പരീക്കറുടെ മകനാണെന്നത് സീറ്റ് ലഭിക്കാനുള്ള യോഗ്യതയല്ലെന്നായിരുന്നു ഗോവയുടെ ചുമതലയുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫട്‍നാവിസ് പ്രതികരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഉത്‍പല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എന്നാല്‍ അതനാസിയോ മോണ്‍സെരാറ്റയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇവരുടെ വോട്ട് കൂടി ഉത്പലിന് ലഭിച്ചുവെന്നാണ് അതനാസിയോ ആരോപിച്ചത്.