'പരിശ്രമം വോട്ടാക്കാനായില്ല'; പ്രതിപക്ഷത്തിന്‍റെ കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് പ്രിയങ്ക

Published : Mar 10, 2022, 08:07 PM IST
'പരിശ്രമം വോട്ടാക്കാനായില്ല'; പ്രതിപക്ഷത്തിന്‍റെ കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് പ്രിയങ്ക

Synopsis

ഉത്തര്‍പ്രദേശിന്‍റെ നന്മ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചത്. പ്രതിപക്ഷത്തിന്‍റെ കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും പ്രിയങ്ക പറഞ്ഞു.  

ദില്ലി: അഞ്ച് സംസ്ഥാനങ്ങലിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് (Congress) കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി (Priyanka Gandhi). കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയെന്നും എന്നാല്‍ പരിശ്രമം വോട്ടാക്കാനായില്ലെന്നും പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശിന്‍റെ നന്മ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചത്. പ്രതിപക്ഷത്തിന്‍റെ കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ പ്രതിപക്ഷത്തെ നയിക്കാൻ അവകാശവാദമുന്നയിക്കാൻ പോലും കെൽപ്പില്ലാതെയാവുകയാണ് കോൺഗ്രസിന്. ഭരിച്ചതിന്‍റെയും നയിച്ചതിന്‍റെയും തഴമ്പ് മാത്രം ബാക്കിയാകുന്ന പാർട്ടിയായി ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമല്ലാതാകുന്നു കോൺഗ്രസ്.

എന്തിലൂന്നണം, എങ്ങനെ വോട്ടുചോദിക്കണം എന്നതിൽ കോൺഗ്രസിൻറെ ധാരണകളൊക്കെ തെറ്റി. അടവുമാറ്റങ്ങൾ ജനം തളളി. ഭരണവിരുദ്ധ വികാരത്തിൻറെ ആനുകൂല്യം മുതലെടുക്കാനായില്ല. തലമാറ്റ പരീക്ഷണങ്ങളിൽ, കയ്യിലുളളതും പോയി. സംഘടനാപരമായും രാഷ്ട്രീയമായും എത്രത്തോളം ദയനീയമാണ് കോൺഗ്രസിൻറെ അവസ്ഥയെന്ന് ഒരു തെരഞ്ഞെടുപ്പ് കൂടി സാക്ഷ്യപ്പെടുത്തുന്നു. നയിക്കാനാളില്ലെന്നും വെറും ആൾക്കൂട്ടമെന്നും അകത്തുനിന്നുതന്നെയുളള ഒച്ചപ്പാടുകളെ ഇനിയും കേൾക്കാതെ പോകാനാകില്ല കോൺഗ്രസിന്. ഇപ്പോൾ തന്നെ തമ്മിലടിയുടെ ഗോദയാണ് ഭരണമുളള രാജസ്ഥാനും ഛത്തീസ്ഗഡും. 

കണക്കിൽ കോൺഗ്രസിൻറെ ആസ്തി 682 കോടിയാണ്. ഇതിന്‍റെ നാലിരട്ടിയുണ്ട് ബിജെപിയ്ക്കിപ്പോൾ. അതിവേഗം മണ്ണൊലിച്ചുപോകുന്ന പാർട്ടിക്ക് പണം വരവ് ഇനിയും കുറയാം. പ്രതിസന്ധിയുടെ ആഴം കൂടാം. ബിജെപിയിലേക്കും മറ്റിടങ്ങളിലേക്കുമുളള റിക്രൂട്ട്മെന്‍റ് ഏജൻസിയെന്ന ചീത്തപ്പേര് ഇനിയും കേൾക്കണം കോൺഗ്രസ്. ചാക്കിലാകാൻ മടിക്കാത്തവർക്കാണ് അഞ്ചിലങ്കത്തിലും പാർട്ടിയുടെ വിധിയെഴുതിയതിൽ അധിക പങ്ക്. ഇല കൊഴിയുന്ന മരമാണ്, തോൽവിയുടെ ശിശിരകാലം മാറാതിരിക്കുന്ന കോൺഗ്രസ്. ഇന്ത്യയുടെ ഭാവി കോൺഗ്രസിൻറെ കൈകളിലെന്ന് പറയുന്നവരുണ്ട്. കോൺഗ്രസിൻറെ ഭാവി ആരുടെ കയ്യിലാണ്?

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു