ജെഡിഎസിന് തിരുവനന്തപുരം സീറ്റ് വേണം; താന്‍ മത്സരിക്കില്ലെന്ന് മാത്യു ടി തോമസ്

By Web TeamFirst Published Feb 15, 2019, 8:30 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മാത്യു ടി തോമസ്. കോട്ടയത്ത് മത്സരത്തിച്ചത് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നും മത്സരിക്കാൻ യോഗ്യര്‍ പാര്‍ട്ടിയിലുണ്ടെന്നും മാത്യു ടി തോമസ്.

തിരുവല്ല: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഭാഗ്യപരീക്ഷണത്തിനില്ലെന്ന് മാത്യു ടി തോമസ് എംഎൽഎ. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ചത്. തിരുവനന്തപുരം സീറ്റാണ് ജെഡിഎസ് ഇത്തവണ ആവശ്യപ്പെടുകയെന്നും മാത്യു ടി തോമസ് തിരുവല്ലയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2014ൽ ജോസ് കെ മാണിയെ നേരിടാൻ ജെഡിഎസ് അവസാന നിമിഷം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ മനസോടെയല്ല സ്വീകരിച്ചത്. മത്സരിക്കാനില്ലെന്ന് അറിയിച്ചെങ്കിലും സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുടെ അവസാന നിമിഷത്തെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നുവെന്ന് മാത്യു ടി തോമസ്.

നിയമസഭാ അംഗമായിരിക്കെ മത്സരിച്ച തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഒമ്പത് വോട്ടുകൾക്കാണ് മാത്യു ടി തോമസ് പരാജയപ്പെട്ടത്. ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ പാര്‍ട്ടി നേതൃത്വത്തെ നേരത്തെ അറിയിച്ചു.

മത്സരിക്കാൻ തന്നേക്കാൾ യോഗ്യരായവര്‍ പാര്‍ട്ടിയിലുണ്ട്. കെ കൃഷ്ണൻ കുട്ടിയ്ക്ക് വേണ്ടി മന്ത്രി സ്ഥാനം വിട്ട് നൽകിയതിലെ നീരസമുള്ള മാത്യു ടി തോമസ് പാര്‍ട്ടി പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകുന്നതിലും അതൃപ്തിയിലാണ്.

click me!