വാരണാസിയില്‍ മോദിക്കെതിരെ ആര്? രാഹുലിന് വേണ്ടി അമേഠി ഒഴിഞ്ഞ് എസ്പി-ബിഎസ്പി സഖ്യം

By Web TeamFirst Published Feb 21, 2019, 5:30 PM IST
Highlights

രാഹുല്‍ ഗാന്ധിയുടെ അമേഠിയും സോണിയ ഗാന്ധിയുടെ റായ്ബറേലിയും ഒഴിച്ചിട്ടാണ് സഖ്യം മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചിത്രം തന്നെ മാറ്റി മറിക്കാന്‍ പോന്നതാണ് എസ്പി-ബിഎസ്പി സഖ്യമെന്നാണ് വിലയിരുത്തല്‍.

ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും തമ്മിലുള്ള സീറ്റ് ധാരണയും പൂര്‍ത്തിയായി. മുന്‍പ് തീരുമാനിച്ചതില്‍ നിന്ന് ചെറിയ വ്യത്യാസത്തോടെയാണ് അഖിലേഷ് യാദവും മായാവതിയും തെരഞ്ഞെടുപ്പ് സഖ്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്.

നേരത്തെ, ഇരു പാര്‍ട്ടികളും 38 വീതം സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പറഞ്ഞിരുന്നത്. അതില്‍ അല്‍പം മാറ്റം വരുത്തി ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും മത്സരിക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. രാഷ്ട്രീയ ലോക് ദളിനെ കൂടെ സഖ്യത്തില്‍ ചേര്‍ത്തതോടെയാണ് എസ്പിക്ക് ഒരു സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നത്.

അഖിലേഷും മായാവതിയും പുറത്ത് വിട്ട വാര്‍ത്താ കുറിപ്പ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ എസ്പി സ്ഥാനാര്‍ഥി ആയിരിക്കും മത്സരിക്കുക. കൂടെ, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ ഗോരഖ്പൂരിലും എസ്പി തന്നെ മത്സരിക്കും.

രാഹുല്‍ ഗാന്ധിയുടെ അമേഠിയും സോണിയ ഗാന്ധിയുടെ റായ്ബറേലിയും ഒഴിച്ചിട്ടാണ് സഖ്യം മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചിത്രം തന്നെ മാറ്റി മറിക്കാന്‍ പോന്നതാണ് എസ്പി-ബിഎസ്പി സഖ്യമെന്നാണ് വിലയിരുത്തല്‍. പരസ്പരം പോരടിച്ചിരുന്ന എസ്പിയും ബിഎസ്പിയും ഒരുമിക്കുന്നത് ബിജെപിക്കാണ് തലവേദനയാവുക.

രണ്ട് പാര്‍ട്ടികളുടെയും ഉത്തര്‍പ്രദേശിലെ സ്വാധീനം നോക്കിയാല്‍ ബിജെപിക്കെതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കാകുമെന്ന് ഉറപ്പാണ്. 2014ല്‍ 41 സീറ്റുകളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് നേടിയിരുന്നു.

2017ലെ കണക്കെടുത്താൽ 57 സീറ്റിൽ കൂടുതൽ വോട്ട് ഇരുവരും ചേർന്ന് നേടി. 40 ശതമാനമുള്ള യാദവ, മുസ്ലിം, ദളിത് വോട്ടുബാങ്കുകളെ ഒന്നിച്ചു കൊണ്ടു വരാൻ സഖ്യത്തിന് കഴിയുമെന്നാണ് മായാവതിയുടെ അഖിലേഷിൻറെയും പ്രതീക്ഷ. എസ്പിയും കോണ്‍ഗ്രസും കൂടി ചേര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ വേണ്ട ചലനമുണ്ടാക്കാന്‍ ഈ കൂട്ടുകെട്ടിന് ആയിരുന്നില്ല. അതേസമയം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്തിരുന്നു. 

click me!