പതിവുതെറ്റിക്കാതെ മിസോറാം നേതാക്കൾ, മത്സരിച്ചത് രണ്ട് സീറ്റുകളിൽ

Published : Nov 28, 2018, 08:58 PM ISTUpdated : Nov 28, 2018, 09:28 PM IST
പതിവുതെറ്റിക്കാതെ മിസോറാം നേതാക്കൾ, മത്സരിച്ചത് രണ്ട് സീറ്റുകളിൽ

Synopsis

രണ്ട് സീറ്റുകളിൽ മത്സരിക്കുക എന്ന പതിവ് ഇത്തവണയും മിസോ നേതാക്കൾ തെറ്റിച്ചില്ല. നാൽപത് സീറ്റുകളുള്ള സംസ്ഥാനത്ത് ഒന്നും രണ്ടുമല്ല ഒൻപത് നേതാക്കളാണ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചത്. 

ഐസ്വാൾ: ഒരു നേതാവ് രണ്ട് സീറ്റുകളിൽ മത്സരിക്കുന്നത് മലയാളികൾക്ക് തീരെ പരിചിതമായ കാര്യമല്ല. അയലത്ത് ജയലളിത ചിലപ്പോൾ രണ്ട് സീറ്റുകളിൽ മത്സരിക്കുന്നത് കണ്ടിട്ടുണ്ട്. ലാലു പ്രസാദ് യാദവും നരേന്ദ്രമോദിയും ഇത് പരീക്ഷിച്ചുകണ്ടിട്ടുണ്ട്. എന്നാൽ മിസോറാമിൽ ഒരു നേതാവ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് വലിയ വാർത്തയേ അല്ല. 

രണ്ട് സീറ്റുകളിൽ മത്സരിക്കുക എന്ന പതിവ് ഇത്തവണയും മിസോ നേതാക്കൾ തെറ്റിച്ചില്ല. നാൽപത് സീറ്റുകളുള്ള സംസ്ഥാനത്ത് ഒന്നും രണ്ടുമല്ല ഒൻപത് നേതാക്കളാണ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചത്. മുഖ്യമന്ത്രി പദത്തിൽ ഹാട്രിക് ലക്ഷ്യമിടുന്ന ലാൽ തൻ ഹാവ് ലക്കും സിറ്റിംഗ് സീറ്റിൽ അത്ര വിശ്വാസം പോരായിരുന്നു.

മലയും കുന്നും നിറഞ്ഞ സംസ്ഥാനത്ത് ഒരു മണ്ഡലത്തിലെ പ്രചാരണം തന്നെ സ്ഥാനാർത്ഥികളെ വെള്ളംകുടിപ്പിക്കും. എന്നാൽ മിസോറാമിലെ നേതാക്കൾ ഈ കഷ്ടപാടുകൾ കാര്യമാക്കിയില്ല. രണ്ടിടത്തും ഓടിയെത്താൻ പ്രമുഖ പാർട്ടികളിലെ മിക്ക പ്രമുഖരും  രംഗത്തുണ്ടായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിച്ച് രണ്ടിലും ജയിച്ച മുഖ്യമന്ത്രി ലാൽ തങ്ഹാവലെ സിറ്റിംഗ് സീറ്റിന് പുറമെ മറ്റൊരു മലയോര മണ്ഡലമായ സെർച്ചീപ്പിലും ഇക്കുറി ഭാഗ്യം പരീക്ഷിച്ചു. 

മിസോറാം ജനതക്കും നേതാക്കൾ രണ്ട് സീറ്റുകളിൽ മത്സരിക്കുന്നതിൽ പുതുമയൊന്നുമില്ല. രണ്ട് സീറ്റിലും എത്തി ജനവിധി തേടുന്ന പതിവ് സംസ്ഥാന രൂപീകരണം മുതൽ തുടങ്ങിയതാണ്. ഇതിന് തുടക്കമിട്ടത് ആദ്യ മുഖ്യമന്ത്രി ലാൽഡെംഗാ. 1987ൽ രണ്ടിലും വിജയിച്ച ലാൽഡംഗ പിന്നീടങ്ങോട്ടും ഈ പതിവ് തുടർന്നു. ലാൽഡംഗയുടെ പിന്മുറക്കാർ പിന്നീടിതൊരു കീഴ്വഴക്കമാക്കി മാറ്റി.

മിസൊറാം നാഷണലിസ്റ്റ് പാർട്ടി നേതാവ് ലാൽഡുഹോമാ. നാഷണൽ പീപ്പിൾസ് നേതാവ് ലിയാൻസുവോലാ എൻസിപി നേതാവ് ലാലാം പൂയിയ തുടങ്ങി ഇത്തവണ പട്ടിക നീളുകയാണ്. ചെറു പാർട്ടികൾ പോലും രണ്ട് വീതം സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പരീക്ഷിച്ചു. നാൽപത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ ആളില്ലാത്തത് കൊണ്ടാണ് രണ്ടിടത്ത് ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതെന്നാണ് ഇവർക്കെതിരെയുള്ള വിമർശനം.

മുൻ മുഖ്യമന്ത്രിയാണ് സൊറാംതംഗയാണ് പ്രമുഖ നേതാക്കളിൽ വ്യത്യസ്തൻ. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ മിസോ നാഷണൽ ഫ്രണ്ട് അദ്ധ്യക്ഷൻ തന്‍റെ സിറ്റിംഗ് സീറ്റായ ഐസ്വവാൾ ഈസ്റ്റിലെ വോട്ടർമാരെ പൂർണ്ണമായും വിശ്വാസമർപ്പിച്ചു. ഇനി നാൽപ്പത് മണ്ഡലങ്ങളിൽ എവിടെയൊക്കെ ഉപതെരഞ്ഞെടുപ്പ് നടക്കും എന്നറിയാൻ ഡിസംബർ 11-ന് ഫലത്തിനായി കാത്തിരിക്കാം. 

PREV
click me!

Recommended Stories

മധ്യപ്രദേശില്‍ മാറി മറിഞ്ഞ് ലീഡ് നില; ഇഞ്ചോടിഞ്ച് പോരാട്ടം - LIVE BLOG