ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ.. ക്വട്ടേഷൻ ഗുണ്ടയല്ല സർ, സ്ഥാനാർഥിയാണ്!

By P R SunilFirst Published Nov 28, 2018, 7:58 PM IST
Highlights

ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളാകുന്നത് തടയാൻ സുപ്രീംകോടതിയുടെ മാര്‍ഗ്ഗരേഖ വന്നെങ്കിലും അതൊന്നും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് രംഗത്തെ സ്വാധീനിച്ചിട്ടില്ല. ബലാൽസംഗ കേസിലും കൊലപാതക കേസിലും സാമ്പത്തിക തട്ടിപ്പുകേസിലുമൊക്കെ പ്രതികളായ നിരവധിപ്പേർ മധ്യപ്രദേശിൽ പ്രധാന പാർട്ടികളുടെ സ്ഥാനാർഥികളാണ്! ക്രിമിനൽ സ്ഥാനാർഥിപ്പട്ടികയുടെ വിശദാംശങ്ങളുമായി ഞങ്ങളുടെ പ്രതിനിധി പി.ആർ.സുനിൽ

ഭോപ്പാൽ: 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കോൺഗ്രസ്, ബിജെപി, എസ്‍പി, ബിഎസ്‍പി എന്നിവയുൾപ്പടെയുള്ള പാർട്ടികളുടെ ബാനറിൽ 2907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികളെ മാത്രം പരിശോധിച്ചാൽ ഞെട്ടും. 

കൊലപാതകക്കേസിലും ബലാത്സംഗക്കേസിലും പ്രതികളായവരുണ്ട്, ഈ പട്ടികകളിൽ. കോൺഗ്രസിന്‍റെ 229 സ്ഥാനാർഥികളിൽ 108 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽത്തന്നെ 25 ശതമാനം പേർ കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം എന്നീ ഗുരുതരകുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസുകളിൾ ഉൾപ്പെട്ടവർ. 

220 സീറ്റുകളിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളിൽ 65 പേരാണ് ക്രിമിനൽ കേസുകൾ നേരിടുന്നത്.

ജബൽപൂർ നോര്‍ത്ത് മണ്ഡലത്തിൽ മത്സരിയ്ക്കുന്ന മഞ്ജു ഠാക്കൂറിന്‍റെ വിവരങ്ങൾ നോക്കിയാൽ ആളൊരു ക്വട്ടേഷൻ ഗുണ്ടയാണോ എന്ന് നമ്മൾ ഒരു നിമിഷം സംശയിക്കും. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ മുപ്പത് കേസുകളിലെ പ്രതിയാണ് മൂപ്പർ. കോൺഗ്രസിനും ബിജെപിയ്ക്കും മറ്റ് മുഖ്യധാരാപ്പാർട്ടികൾക്കും തലവേദനയില്ല. കാരണം, ആളൊരു സ്വതന്ത്രസ്ഥാനാർഥിയാണ്. 

ക്രിമിനൽ കേസുകളിൽ പ്രതികളാണെങ്കിൽ നാമനിര്‍ദ്ദേശ പത്രികയിൽ സ്ഥാനാര്‍ത്ഥികൾ അത് രേഖപ്പെടുത്തണം എന്നതുൾപ്പടെ കൃത്യമായ മാർഗരേഖ പ്രസിദ്ധീകരിച്ചിരുന്നതാണ്. ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ അതത് രാഷ്ട്രീയ പാര്‍ടികൾ അവരുടെ വെബ്‍സൈറ്റുകളിലും പത്രമാധ്യമങ്ങളിലും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ആര് വില വയ്ക്കാൻ? ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടി പോലും പരമോന്നതനീതിപീഠത്തിന്‍റെ നി‍ർദേശങ്ങൾ ഒരു വരി പോലും പാലിച്ചിട്ടില്ല. 

click me!