
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഗോദയിലെ കറുത്ത കുതിരയാണ് നീലലോഹിതദാസ്. 1979 ൽ ലോക്സഭയിലേക്കുള്ള കന്നി അങ്കത്തിൽ തിരുവനന്തപുരത്ത് മലർത്തിയടിച്ചത് സാക്ഷാൽ എം എൻ ഗോവിന്ദൻ നായരെയാണ്. 2009ൽ ഒരു മുന്നണിയുടേയും ഭാഗമാകാതെ മത്സരിച്ചിട്ടും 85000 വോട്ട് പിടിച്ച് നീലൻ വീണ്ടും ഞെട്ടിച്ചു.
1979ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലം. തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി കേരള ക്രൂഷ്ചേവ് എന്നറിയപ്പെട്ടിരുന്ന എംഎൻ ഗോവിന്ദൻ നായര്‍. കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി അംഗമായിരുന്ന നീല ലോഹതിദാസ് ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യത്തിൻറെ അടിസ്ഥാനത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ എതിരാളി. സിപിഐ ജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തില്‍ എം എൻറെ വിജയത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പക്ഷെ 32 കാരൻ നീലന്റെ അട്ടിമറി ജയം ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു.
84ൽ ഇടതിനൊപ്പം ചേർന്ന നീലന് പക്ഷെ കെ കരുണാകരൻ ഇറക്കിയ എ ചാൾസിന് മുന്നിൽ അടിതെറ്റി. 2009ല്‍ മായാവതിയുടെ പാർട്ടിയിലായിരുന്നു നീലലോഹിതദാസ്. ജയിച്ചില്ലെങ്കിലും ബിജെപിയെ പിന്തള്ളി മൂന്നാമതെത്തി. നാടാർ വോട്ട് ബാങ്ക് മാത്രമല്ല മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും നീലന്റെ പ്രധാന സമ്പാദ്യമാണ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ആരവം വരുമ്പോഴൊക്കെ തിരുവനന്തപുരത്തെ പരിഗണനാ പട്ടികയിൽ നീലനുണ്ടാക്കും.
നിലവിൽ ജെ ഡി എസ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് നീലലോഹിതദാസ്. സീറ്റ് സിപിഐ തന്നാൽ തരൂരിനോട് ഏറ്റുമുട്ടാൻ നീലനുണ്ടാകുമെന്ന് ജെഡിഎസ് മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.