ഏത് സ്ഥാനാര്‍ത്ഥിക്ക് കുത്തിയാലും വോട്ട് ബിജെപിക്ക്; മഹാരാഷ്ട്രയിൽ ഇവിഎം മെഷീനിൽ വൻ തട്ടിപ്പ്

By Web TeamFirst Published Oct 22, 2019, 6:46 PM IST
Highlights

വോട്ട് ചെയ്തത് മാറി പോയെന്ന് കാണിച്ച് കോറെ​ഗാവ് മണ്ഡലത്തിൽ നിന്നുള്ള വോട്ടർമാർ ഉദ്യോ​ഗസ്ഥരെ സമീപിച്ചപ്പോഴാണ് അട്ടിമറി വെളിച്ചതാകുന്നത്.

മുംബൈ: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് നിയമസഭ തെര‍ഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ പോളിങ് സ്റ്റേഷനായ സത്താരയിൽ നിന്ന് പുറത്തുവരുന്നത്. ഈ പോളിങ് സ്റ്റേഷനിലുള്ള ഇവിഎം മെഷീനിലെ ഏത് ചിഹ്നത്തിൽ അമർത്തിയാലും വോട്ട് വീഴുക ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവച്ചു എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം. ഒക്ടോബർ 20നായിരുന്നു മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെടുപ്പ് നടക്കുന്ന ദിവസം രാവിലെ 11 മണിയോടുകൂടിയാണ് സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും മണ്ഡലത്തിലെ ഇരുന്നൂറിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് ചെയ്തത് മാറി പോയെന്ന് കാണിച്ച് കോറെഗാവ് മണ്ഡലത്തിൽ നിന്നുള്ള വോട്ടർമാർ ഉദ്യോ​ഗസ്ഥരെ സമീപിച്ചപ്പോഴാണ് അട്ടിമറി വെളിച്ചതാകുന്നത്. തുടർന്ന് വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് തങ്ങൾ മാറി ചെയ്തവർക്കുമല്ല ബിജെപിക്കാണ് വോട്ട് കിട്ടിയിരിക്കുന്നതെന്ന് വോട്ടർമാർ തിരിച്ചറി‍ഞ്ഞത്. സംഭവത്തെക്കുറിച്ച് വോട്ടർമാർ പോളിങ് ബൂത്ത് ഓഫീസർക്ക് പരാതി നൽകി.

എന്നാൽ, പരാതിയിൽ ഉദ്യോഗസ്ഥർ നടപ്പടിയെടുക്കാത്തതിനെ തുടർന്ന് വോട്ടർമാർ പ്രതിഷേധവുമായി രം​ഗത്തെത്തി. തുടർന്ന് പൊലീസ് ഇടപ്പെടുകയും ഉദ്യോ​ഗസ്ഥർ ഇവിഎം പരിശോധിക്കാൻ തയ്യാറാകുകയും ചെയ്യുകയായിരുന്നു. പരിശോധനയിൽ വോട്ടർമാരുടെ ആരോപണം ശരിയാണെന്ന് കണ്ടെത്തി.

തുടർന്ന് പോളിങ് ബൂത്തിലെ മുഴുവൻ ഇവിഎം മെഷീനുകളും മാറ്റി പുതിയ മെഷീനുകൾ സ്ഥാപിച്ചു.സത്താരയിൽ ഇലക്ഷൻ‌ കമ്മീഷൻ ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് ഇവിഎം മെഷീനിലെ അട്ടിമറി നടന്നതെന്ന് ആരോപിച്ച് പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ 63 ശതമാനമാണ് പോളിംഗ്(2014-63.4%) രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ ബിജെപി സീറ്റ് നിലനിർത്തുമെന്ന് തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ആകെയുള്ള 288 സീറ്റിൽ ബിജെപി-ശിവസേന സഖ്യത്തിന് 166 മുതൽ 194 വരെ ലഭിക്കുമെന്ന് ഇന്ത്യാടുഡെ മൈ ഇന്ത്യ ആക്സിസ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.

click me!