ബിജെപി നേതാക്കൾക്ക് മമതയുടെ വിലക്ക് തുടരുന്നു; യോഗി ആദിത്യനാഥിന്‍റെ റാലിക്കും അനുമതിയില്ല

By Web TeamFirst Published Feb 3, 2019, 12:12 PM IST
Highlights

കഴിഞ്ഞ മാസം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള അനുമതിയെച്ചൊല്ലിയും ബിജെപി നേതാക്കളും മമതാ ബാനർജിയും തമ്മിൽ ത‍ർക്കമുണ്ടായിരുന്നു.

കൊൽക്കത്ത: ഇന്ന് കൊൽക്കത്തയിൽ നടത്താനിരുന്ന യോഗി ആദിത്യനാഥിന്‍റെ റാലിയ്ക്ക് മമതാ ബാനർജിയുടെ തൃണമൂൽ സർക്കാർ അനുമതി നിഷേധിച്ചു. മാൾഡയ്ക്കടുത്ത് നോർത്ത് ദിനാജ് പൂർ എന്നയിടത്താണ് ഇന്ന് ആദിത്യനാഥിന്‍റെ തെരഞ്ഞെടുപ്പ് റാലി നടത്താനിരുന്നത്. മാൾഡയിൽ ആദിത്യനാഥിന്‍റെ ഹെലികോപ്റ്റർ ഇറക്കാനും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ട്. ഇതേത്തുട‍ർന്ന് മാൾഡ ജില്ലാ കളക്ടർ ഓഫീസിന് മുന്നിൽ ബിജെപി പ്രവ‍ർത്തകർ പ്രതിഷേധിക്കുകയാണ്. 

Uttar Pradesh Chief Minister Office: The permission for the CM Yogi Adityanath's rally in West Bengal today has been declined by the West Bengal government without any prior notice. (File pic) pic.twitter.com/FQmTbsG1fV

— ANI UP (@ANINewsUP)

കഴിഞ്ഞ മാസം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള അനുമതിയെച്ചൊല്ലിയും ബിജെപി നേതാക്കളും മമതാ ബാനർജിയും തമ്മിൽ ത‍ർക്കമുണ്ടായിരുന്നു. മാൾഡയ്ക്കടുത്തുള്ള ഹോട്ടൽ ഗോൾഡൻ പാർക്കിന്‍റെ എതിർവശത്തുള്ള ഗ്രൗണ്ടിൽ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്ന ഇടമാണിത്.

ഇത് സർക്കാരിന്‍റെ സ്ഥലമാണെന്നും സ്വകാര്യവ്യക്തികൾക്ക് ഇവിടം നൽകാനാകില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ മമതാ ബാനർജി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു കേന്ദ്രനിയമമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദിന്‍റെ പ്രതികരണം. എന്നാൽ ഞങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വാസമുണ്ട്, നിങ്ങൾക്കോ എന്നായിരുന്നു മമത തിരിച്ചടിച്ചത്.

click me!