സുമലത സ്ഥാനാർത്ഥിയാകുമോ? എല്ലാ അർഹതയുമുണ്ടെന്ന് കോൺഗ്രസ്

By Web TeamFirst Published Feb 3, 2019, 10:02 AM IST
Highlights

രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കിൽ അത് മാണ്ഡ്യയിൽ നിന്നു മാത്രമായിരിക്കുമെന്നാണ് സുമലതയുടെ നിലപാട്. സ്ഥാനാർത്ഥിയാകാൻ  സുമലതയ്ക്ക് എല്ലാ അർഹതയുമുണ്ടെന്ന് കെ പി സി സി അധ്യക്ഷൻ ദിനേഷ് ഗുണ്ടറാവു വ്യക്തമാക്കി. എന്നാൽ സീറ്റ് പിടിച്ചെടുക്കാനുളള കോൺഗ്രസ് നീക്കങ്ങളെ എതിർക്കാനാണ് ജെ ഡി എസ് തീരുമാനം.

ബെംഗലൂരു: നടിയും അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യയുമായ സുമലതയുടെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കർണാടകത്തിൽ പുതിയ രാഷ്ട്രീയ വിവാദം. ജെ ഡി എസിന്‍റെ സിറ്റിങ്ങ് സീറ്റ് സുമലതയെ മുൻനിർത്തി പിടിച്ചെടുക്കാൻ കോൺഗ്രസ് ലക്ഷ്യമിട്ടതോടെയാണ് വിവാദം തുടങ്ങിയിരിക്കുന്നത്. 

ബെംഗലൂരുവിൽ സുമലത അംബരീഷിന്‍റെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസം തടിച്ചു കൂടിയ ആരാധകർ സുമലത മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അംബരീഷിന്‍റെ തട്ടകമായിരുന്ന മാണ്ഡ്യയിൽ സ്ഥാനാർത്ഥിയാകണമെന്നായിരുന്നു ആരാധകരുടെ അഭ്യർത്ഥന. രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കിൽ അത് മാണ്ഡ്യയിൽ നിന്ന് മാത്രമായിരിക്കുമെന്നാണ് ഇതിന് സുമലത മറുപടി നൽകിയത്.

രാഷ്ടീയ പ്രവേശനത്തിന് താത്പര്യമുണ്ടെന്ന് സുമലത വെളിപ്പെടുത്തിയതോടെ ചർച്ചകൾ കൊഴുത്തു. മാണ്ഡ്യയിൽ മത്സരിക്കാൻ സുമലതയ്ക്ക് എല്ലാ അർഹതയുമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടറാവു പറഞ്ഞു. സുമലത പേരെടുത്ത നടിയാണ്. സിറ്റിങ്ങ് സീറ്റായത് കൊണ്ട് മാത്രമാണ് അത് ജെ ഡി എസിന് നൽകിയത്. ഇത്തവണ എന്താകുമെന്ന് ചർച്ചയിലൂടെ തീരുമാനിക്കുമെന്നും ഗുണ്ടറാവു പറഞ്ഞു.  

ജെ‍ ഡി എസിന്‍റെ സിറ്റിങ് സീറ്റാണ് മാണ്ഡ്യയെങ്കിലും 1980 ന് ശേഷം അവിടെ ഏറ്റവും കൂടുതൽ തവണ എം പി ആയത് കോൺഗ്രസ് നേതാവായ അംബരീഷാണ്. മാണ്ഡ്യയുടെ പുത്രനെന്നാണ് അദ്ദേഹത്തിന്‍റെ വിളിപ്പേര്. കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ചപ്പോൾ കോൺഗ്രസ് സീറ്റ് ജെ ഡി എസിന് വിട്ടുനൽകി. ഇത്തവണയും അങ്ങനെ തന്നെ തുടരാനായിരുന്നു  കോൺഗ്രസ് തീരുമാനം. എന്നാൽ സുമലതയുടെ വരവോടെ മാണ്ഡ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ  മാറുകയാണ്.

കോൺഗ്രസിലെ ജെ ഡി എസ് വിരുദ്ധചേരി സുമലതയ്ക്ക് വേണ്ടി രംഗത്തെത്തിക്കഴിഞ്ഞു. സീറ്റ് പിടിച്ചെടുക്കാനുളള കോൺഗ്രസ് നീക്കങ്ങളെ എതിർക്കാനാണ് ജെ ഡി എസ് തീരുമാനം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.

സഖ്യത്തിൽ ഭിന്നിപ്പുണ്ടാക്കാനുളള സാധ്യത മുന്നിൽ കണ്ട് ബി ജെ പിയും അവസരം മുതലെടുക്കാനായി രംഗത്തുണ്ട്. സുമലത മത്സരിച്ചാൽ പിന്തുണക്കുമെന്ന് ബി ജെ പി നേതാവ് ആർ അശോക് പറഞ്ഞു.  ഇതോടെ മാണ്ഡ്യയും സുമലതയും ശ്രദ്ധാകേന്ദ്രമാവുകയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സുമലതയുടെ തീരുമാനമെങ്കിൽ മൈസൂരു മേഖലയിൽ ദൾ-കോൺഗ്രസ് പോര് കടുക്കുമെന്ന് ഉറപ്പാണ്.


 

click me!