വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആയുധമാക്കും; പ്രതിപക്ഷ യോഗം ഇന്ന്

By Web TeamFirst Published Feb 1, 2019, 6:16 AM IST
Highlights

അമേരിക്കൻ ഹാക്കറായ സയിദ് ഷൂജ താൻ ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വോട്ടിഗ് യന്ത്രം തിരിമറി ആരോപണം വീണ്ടും വാർത്തയായത്

ദില്ലി: വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് പ്രധാന വിഷയമായി ഉയര്‍ത്താൻ പ്രതിപക്ഷം. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ദില്ലിയിൽ യോഗം ചേരും. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് കണ്ടെത്താൻ ബൂത്ത് ഏജന്‍റുമാര്‍ക്ക് പരിശീലനം നല്‍കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്യുന്നത്.

ലണ്ടനിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കൻ ഹാക്കറായ സയിദ് ഷൂജ താൻ ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വോട്ടിഗ് യന്ത്രം തിരിമറി ആരോപണം വീണ്ടും വാർത്തയായത്.

തുടർന്ന് ഈ വിവാദം കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോരായി മാറി. എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ പേപ്പർ ബാലറ്റിലേക്ക് മടങ്ങണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി  ഉൾപ്പെടെയുള്ള നേതാക്കളും വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുതന്നെ ആയിരിക്കും വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വ്യക്തമാക്കിയിരുന്നു. ബാലറ്റ് പേപ്പർ യുഗത്തിലേക്ക് ഇനി മടക്കമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

രണ്ട് പതിറ്റാണ്ടിലധികമായി വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുകയാണ്. പോളിംഗിന്‍റേയും വോട്ടെണ്ണലിന്‍റേയും കാലതാമസം ഒഴിവാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ  കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും ഉതകുന്നത് വോട്ടിംഗ് യന്ത്രം തന്നെയാണെന്ന് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

click me!