'കോൺഗ്രസിന് വേണമെങ്കിൽ പിന്തുണക്കാം'; ബംഗളുരുവില്‍ പ്രചാരണത്തിന് തുടക്കമിട്ട് പ്രകാശ് രാജ്

By Web TeamFirst Published Jan 26, 2019, 6:51 AM IST
Highlights

നഗരം തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് എത്തും മുന്നേ സ്വതന്ത്രൻ കളം പിടിക്കാനുളള ഓട്ടം തുടങ്ങിക്കഴിഞ്ഞു. ശിവാജി നഗറിലെ ചേരികളിലേക്ക് വോട്ട് ചോദിച്ച് ഇറങ്ങുകയാണ് പ്രകാശ് രാജ്. പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെയെന്ന് അറിയാനാണ് ആദ്യഘട്ട പര്യടനം.
 
ബംഗളുരു: ബംഗളുരു സെൻട്രൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടൻ പ്രകാശ് രാജ്. ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കിൽ, കോൺഗ്രസിന് തന്നെ പിന്തുണക്കാമെന്ന് പ്രകാശ് രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാറ്റത്തിന് വോട്ടു ചോദിക്കുന്ന നടൻ, പ്രകടന പത്രികയിലേക്ക് ആശയങ്ങൾ തേടുകയാണ്.

നഗരം തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് എത്തും മുന്നേ സ്വതന്ത്രൻ കളം പിടിക്കാനുളള ഓട്ടം തുടങ്ങിക്കഴിഞ്ഞു. ശിവാജി നഗറിലെ ചേരികളിലേക്ക് വോട്ട് ചോദിച്ച് ഇറങ്ങുകയാണ് പ്രകാശ് രാജ്. പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെയെന്ന് അറിയാനാണ് ആദ്യഘട്ട പര്യടനം.

ബിജെപിക്കും സംഘപരിവാർ രാഷ്ട്രീയത്തിനുമെതിരെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിലുൾപ്പെടെ പ്രചാരണം നടത്തിയ പ്രകാശ് രാജിന് പുതിയ റോൾ എളുപ്പം വഴങ്ങുന്നുണ്ട്. പൊതിയുന്ന ആൾക്കൂട്ടവും പടം പിടുത്തവും വോട്ടാകുമെന്ന് തുടക്കത്തിൽ തന്നെ പ്രതീക്ഷവയ്ക്കുമ്പോള്‍ തന്നെ ആരുടേയും ആളല്ല താനെന്ന് ഊന്നിപ്പറയുന്നുമുണ്ട് അദ്ദേഹം. 

നാൽപ്പതിനായിരത്തോളം വോട്ട് കഴിഞ്ഞ തവണ മണ്ഡലത്തിൽ പിടിച്ച ആം ആദ്മി പാർട്ടി പ്രകാശ് രാജിന്‍റെ വരവ് സ്വാഗതം ചെയ്തുകഴിഞ്ഞു.സ്വാധീന മേറെയുളള മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതിരിക്കാനാവില്ല കോൺഗ്രസിന്. ഫലത്തിൽ ബംഗളൂരു സെൻട്രലിൽ കോൺഗ്രസിന്‍റെ വിധിയെഴുതും പ്രകാശ് രാജിന് വീഴുന്ന വോട്ട്.

click me!