ചോദ്യങ്ങളുമായി പ്രിയങ്ക ഗാന്ധി; ഉത്തരം മുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

By Web TeamFirst Published Feb 13, 2019, 5:51 PM IST
Highlights

പത്തിലധികം നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായാണ് പ്രിയങ്ക ആശയവിനിമയം നടത്തിയത്. ഒരു മണിക്കൂറില്‍ അധികമാണ് പ്രിയങ്ക ഇതിനായി മാറ്റിവെച്ചത്

ഉന്നാവോ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നാളായി കാത്തിരുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. പൊതു തെരഞ്ഞെടുപ്പിന്‌ മാസങ്ങൾ മാത്രം ശേഷിക്കേ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ മിന്നലാക്രമണം ഇതിനകം വലിയ ചര്‍ച്ചായായി മാറി.

എഐസിസി പുനഃസംഘടനയിൽ രാഹുൽ, സഹോദരി പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയാണിത്.

അതുകൊണ്ട് തന്നെ ഇവിടേക്കുള്ള പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആകെ വലിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.  പ്രിയങ്കാ ഗാന്ധി വാധ്രയുടെ സജീവ രാഷ്ട്രീയ പ്രവേശത്തിന് ശേഷം ആദ്യമായി നടത്തിയ റോഡ് ഷോയ്ക്കും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. ഇതിന് ശേഷം പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും സംവദിക്കാനാണ് പ്രിയങ്ക തീരുമാനിച്ചത്.

പത്തിലധികം നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായാണ് പ്രിയങ്ക ആശയവിനിമയം നടത്തിയത്. ഒരു മണിക്കൂറില്‍ അധികമാണ് പ്രിയങ്ക ഇതിനായി മാറ്റിവെച്ചത്. എങ്ങനെ ലോക്സഭ തെരഞ്ഞെടുപ്പിന് നേരിടണമെന്ന്  പ്രവര്‍ത്തകരുമായി ആലോചിച്ച പ്രിയങ്ക ചില ചോദ്യങ്ങളും അവരോട് ചോദിച്ചു.

എന്നാല്‍, പ്രിയങ്ക ഉന്നയിച്ച ചോദ്യങ്ങളില്‍ പലതിനും പ്രവര്‍ത്തകര്‍ക്ക് ഉത്തരമുണ്ടായില്ല. പ്രാദേശിക ബൂത്തില്‍ നിന്ന് കഴിഞ്ഞ തവണ എത്ര വോട്ട് കിട്ടി, അവസാന ബൂത്ത് യോഗം നടന്നത് എന്നാണ് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രിയങ്ക വച്ചത്. പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പകര്‍ത്താനായി ഒരു ഡയറിയും പ്രിയങ്ക ഗാന്ധി കെെയില്‍ കരുതിയിരുന്നു. 

click me!