പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട് തുടങ്ങി, മിനുട്ടുകൾക്കുള്ളിൽ 70,000-ലേറെ ഫോളോവർമാർ

By Web TeamFirst Published Feb 11, 2019, 3:55 PM IST
Highlights

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും രാഹുൽ ഗാന്ധിയുടേതടക്കം ഏഴ് ഹാൻഡിലുകളും  മാത്രമാണ് പ്രിയങ്ക ഇപ്പോൾ ഫോളോ ചെയ്യുന്നത്.
 

ദില്ലി: പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട് തുടങ്ങി. കുറഞ്ഞ സമയത്തിനുള്ളില്‍ അക്കൗണ്ടിന് ലഭിച്ചത് എഴുപതിനായിരത്തിലധികം ഫോളോവർമാർ.  ഇന്ന് രാവിലെയാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത്. ലക്നൗവിൽ നടക്കാനിരിക്കുന്ന കോൺഗ്രസ് റാലിക്ക് തൊട്ടുമുമ്പാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലെത്തുന്നത്.  ഇതുവരെ പ്രിയങ്ക ട്വീറ്റുകളൊന്നും ചെയ്തിട്ടില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വങ്ങളെല്ലാം നിലപാടുകൾ അറിയിക്കുന്നതിനും സുപ്രധാന വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനുമുള്ള പ്രധാന ഇടമായാണ് ട്വിറ്ററിനെ കാണുന്നത്. 

കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സോണിയാഗാന്ധി പങ്കെടുക്കുന്ന ആദ്യ വലിയ പാർട്ടി പരിപാടിയാണ് ലക്നൗവിലെ റാലി. അതിന് തൊട്ടുമുമ്പുണ്ടായ പ്രിയങ്കയുടെ ട്വിറ്റർ പ്രവേശത്തിന് ചെറുതല്ലാത്ത രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ട്വിറ്റർ ഹാൻഡിൽ തുടങ്ങിയ സമയത്തിന്‍റെ പ്രത്യേകത പരിഗണിക്കുമ്പോൾ വരും ദിവസങ്ങളിൽ ട്വിറ്ററിലെ ശ്രദ്ധേയമായ ശബ്ദങ്ങളിലൊന്ന് പ്രിയങ്കയുടേത് ആകാനാണ് സാധ്യത.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് കൂടാതെ കോൺഗ്രസ് പ്രസിഡന്‍റും സഹോദരനുമായ രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, അഹമ്മദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിംഗ് സുജേവാല, അലോക് ഗെലോട്ട് എന്നിവരുടെ ട്വിറ്റർ ഹാൻഡിലുകൾ മാത്രമാണ് പ്രിയങ്ക ഇപ്പോൾ ഫോളോ ചെയ്യുന്നത്. എന്നാൽ ട്വിറ്ററിലെത്തി മിനുട്ടുകൾക്കകം 70000ത്തോളം പേർ പ്രിയങ്കയെ ഫോളോ ചെയ്തുകഴിഞ്ഞു. 

എൺപത്തിനാല് ലക്ഷത്തോളം പേർ രാഹുൽ ഗാന്ധിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. അതേസമയം നാലുകോടി അൻപത്തിനാല് ലക്ഷം ഫോളോവർമാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വിറ്ററിലുള്ളത്.

click me!