മോദിയോ‍ട് മൂർദ്ദാബാദ് പറയരുത്; നമുക്ക് സ്നേഹം കൊണ്ട് ബിജെപിയെ തോൽപിക്കാം; രാഹുൽ ​ഗാന്ധി

By Web TeamFirst Published Feb 7, 2019, 1:23 PM IST
Highlights

''എനിക്ക് നിങ്ങളോട് അൽപ്പം പോലും വെറുപ്പോ വിദ്വ‌േഷമോ ഇല്ല. നിങ്ങളെ സംബന്ധിച്ച് ഞാൻ പപ്പുവായിരിക്കാം. നിങ്ങൾക്കെന്നെ വെറുക്കാം. പക്ഷേ ഞാൻ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.''  ഇത് പറഞ്ഞതിന് ശേഷമാണ് രാഹുൽ ​ഗാന്ധി എഴുന്നേറ്റ് ചെന്ന് മോദിയെ ആലിം​ഗനം ചെയ്തത്.
 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മൂർദ്ദാബാദ് പറയരുതെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഒരിക്കലും ഈ വാക്ക് ഉപയോ​ഗിക്കരുതെന്ന മുന്നറിയിപ്പാണ് രാഹുൽ ​ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്. സ്നേഹവും അനുകമ്പയും കൊണ്ടാണ് ബിജെപിയെ തോൽപിക്കേണ്ടെതെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർക്കുന്നു. കോൺ​ഗ്രസ് പാർട്ടി അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. 

അവിശ്വാസ പ്രമേ‌യ ചർച്ചയിൽ മോദിയെ ആലിം​ഗനം ചെയ്യുന്ന രാഹുൽ ​ഗാന്ധി വൻമാധ്യമശ്രദ്ധ നേടിയിരുന്നു. അന്ന് രാഹുൽ ​ഗാന്ധി പ്രസം​ഗിച്ചത് ഇങ്ങനെയായിരുന്നു. ''എനിക്ക് നിങ്ങളോട് അൽപ്പം പോലും വെറുപ്പോ വിദ്വ‌േഷമോ ഇല്ല. നിങ്ങളെ സംബന്ധിച്ച് ഞാൻ പപ്പുവായിരിക്കാം. നിങ്ങൾക്കെന്നെ വെറുക്കാം. പക്ഷേ ഞാൻ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.'' പറഞ്ഞതിന് ശേഷമാണ് രാഹുൽ ​ഗാന്ധി എഴുന്നേറ്റ് ചെന്ന് മോദിയെ ആലിം​ഗനം ചെയ്തത്.

കഴിഞ്ഞ ദിവസം റൂർക്കലയിൽ നടത്തിയ പൊതുപരിപാടിയ്ക്കിടയിലാണ് മോദിയുടെ പേര് പരാമർശിച്ച ഉടൻ കോൺ​ഗ്രസ് പാർട്ടി പ്രവർത്തകർ ഏകസ്വരത്തിൽ മൂർദ്ദാബാദ് വിളിച്ചത്. 'ബിജെപിയും ആർഎസ്എസുമാണ് ഈ വാക്ക് ഉപയോ​ഗിക്കുന്നത്. നമ്മൾ കോൺ​ഗ്രസ് പ്രവർത്തകരാണ്. സ്നേഹത്തിലും അനുകമ്പയിലും വിശ്വസിക്കുന്ന നമ്മൾ ഒരിക്കലും ഈ വാക്ക് ഉപയോ​ഗിക്കരുത്' എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. 

''വിദ്വേഷത്തിന്റെ വഴിയിലൂടെ അല്ലാതെ ബിജെപിയെ പരാജയപ്പെടുത്താൻ നമുക്ക് സാധിക്കും. സ്നേഹം കൊണ്ടാണ് മോദിയെ ചേദ്യം ചെയ്യേണ്ടതും പരാജയപ്പെടുത്തേണ്ടതും. വെറുപ്പിന്റേതായ യാതൊരു വികാരങ്ങളും നമ്മുടെ മുഖത്ത് പോലും പ്രതിഫലിക്കാൻ പാടില്ല. നമുക്ക് ബിജെപിയെ തോൽപിക്കാൻ സാധിക്കും.'' പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് രാഹുൽ ​ഗാന്ധി വിശദീകരിച്ചു. 
 

click me!