ഉത്തർപ്രദേശ് ബജറ്റിൽ ഗോശാലകൾക്ക് യോഗി സർക്കാർ നീക്കി വച്ചത് 450 കോടി രൂപ

By Web TeamFirst Published Feb 7, 2019, 12:53 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ അവതരിപ്പിച്ച ബജറ്റിലാണ് യോഗി ആദിത്യനാഥ് സർക്കാരിന്‍റെ പ്രഖ്യാപനം.

ലഖ്നൗ: സംസ്ഥാനബജറ്റിൽ ഗോശാലകൾക്കായി 450 കോടി രൂപ നീക്കി വച്ച് യോഗി ആദിത്യനാഥിന്‍റെ ഉത്തർപ്രദേശ് സർക്കാർ. നിയമസഭയിൽ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിലാണ് നിർണായക പ്രഖ്യാപനം. ധനമന്ത്രിയായ രാജേഷ് അഗർവാളാണ് ബജറ്റ് പ്രസംഗം നടത്തിയത്. ബജറ്റ് അവതരണവേളയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും സഭയിലുണ്ടായിരുന്നു. 

ലോക്സഭാ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കുന്ന ചില ജനപ്രിയ പദ്ധതികളും സർക്കാർ അവതരിപ്പിച്ച ബജറ്റിലുണ്ട്. പ്രധാനം ഗോശാലകൾക്ക് നീക്കി വച്ച 450 കോടി തന്നെ. രാജ്യത്ത് തന്നെ ആദ്യമായാണ് ഗോശാലകൾക്കായി ഇത്രയധികം തുക ഒരു സംസ്ഥാനസർക്കാർ ബജറ്റിൽ വകയിരുത്തുന്നത്. 247.60 കോടി രൂപയാണ് ഗോശാലകളുടെ നിർമാണത്തിനും പരിപാലനത്തിനുമായി വകയിരുത്തിയിരിക്കുന്നത്. നഗരമേഖലയിൽ കൻഹ ഗോശാല, പശുസംരക്ഷണ സ്കീം എന്നിവയ്ക്കാണ് 200 കോടി രൂപ. 

സംസ്ഥാനത്തെ ക്രമസമാധാനനിലയിൽ കാര്യമായ പുരോഗമനമുണ്ടെന്നാണ് ബജറ്റിൽ പറയുന്നത്. ''സാധാരണക്കാരന് ഇപ്പോൾ സ്ഥിതി സമാധാനപരമായി തോന്നുന്നുണ്ടെന്നും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാനാകുന്നുണ്ടെന്നും'' ബജറ്റിൽ പരാമർശമുണ്ട്.

Read More: ഗോ സംരക്ഷകരുടെ കലാപത്തിനിടെ ദാദ്രി വധക്കേസ് അന്വേഷിച്ച പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ബജറ്റ് സമ്മേളനം തുടങ്ങിയ ദിവസം ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയിരുന്നു. 'ഗവർണർ തിരികെപ്പോകണം' എന്ന് മുദ്രാവാക്യം വിളിച്ച എസ്‍പി, ബിഎസ്‍പി അംഗങ്ങൾ, പോഡിയത്തിൽ നിന്ന് പേപ്പർ ഉണ്ടകൾ ഗവർണർക്ക് നേരെ എറിയുകയും ചെയ്തു. 

click me!